‘മീസയേ മുറുക്ക് 2’ 25-ന് തിയേറ്ററുകളിലേക്ക്

meesayemurukk

ഹിപ്‌ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മ്യൂസിക്കൽ കോമഡി-ഡ്രാമ ചിത്രം ‘മീസയേ മുറുക്ക് 2’ സെപ്റ്റംബർ 25-ന് ആഗോളവ്യാപകമായി തിയേറ്ററുകളിലെത്തും. പ്രമുഖ നിർമ്മാതാക്കളായ സുന്ദർ സി.യും ഖുശ്ബുവും ചേർന്ന് ‘അവ്‌നി മൂവീസി’ന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എ.സി.എസ്. അരുൺകുമാറും നിർമ്മാണ പങ്കാളിയാണ്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ‘ബ്രൈറ്റ് സ്‌ക്രീൻ’ ആണ്, ‘ഡ്രീം ബിഗ് ഫിലിംസ്’ ആണ് ഇതിന്റെ വിതരണ പങ്കാളി.

2017-ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ‘മീസയേ മുറുക്ക്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഇത് എത്തുന്നത്. എന്നാൽ ആദ്യ ഭാഗത്തിന്റെ കഥയുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നും, മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് പുതിയ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നതെന്നുമാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ഹിപ്‌ഹോപ്പ് തമിഴ ആദിക്കൊപ്പം കേതിക ശർമ്മ, ചൈത്ര ജെ. ആചാർ, യോഗി ബാബു, കരുണാസ്, നാസർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നതും ഹിപ്‌ഹോപ്പ് തമിഴ ആദി തന്നെയാണ്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. തമിഴ്‌നാട്ടിലെപ്പോലെ തന്നെ കേരളത്തിലും മികച്ച തിയേറ്റർ റിലീസാണ് ചിത്രത്തിന് ലഭിക്കുന്നത്. ബാലാജി സുബ്രഹ്‌മണ്യം ഛായാഗ്രഹണവും ഫെന്നി ഒലിവറും തിരുമലൈ രാജനും ചേർന്ന് എഡിറ്റിംഗും നിർവഹിക്കുന്നു. 

Tags