മീനയ്ക്ക് പിറന്നാൾ സമ്മാനമായി ‘ചന്ദ്രോത്സവം’ 4K റീ റിലീസിന്റെ പ്രത്യേക പോസ്റ്റർ പുറത്തിറക്കി
നടി മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4K റീ റിലീസിന്റെ പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറങ്ങി. ചിത്രത്തിൽ മീന അവതരിപ്പിച്ച ‘ഇന്ദുലേഖ’ എന്ന കഥാപാത്രത്തിനുള്ള മനോഹരമായ ഉപഹാരമായാണ് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ സമ്മാനിച്ചിരിക്കുന്നത്. ചിറക്കൽ ശ്രീഹരിയുടെ മനസ്സിലെ മായാത്ത പ്രണയമായിരുന്നു ഈ കഥാപാത്രം.
ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമിച്ച് രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ‘ചന്ദ്രോത്സവം’ 2005-ലാണ് തിയറ്ററുകളിലെത്തിയത്. ശ്രീഹരിയുടേയും ഇന്ദുലേഖയുടേയും തീവ്രമായ പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ടതാണ്. രഞ്ജിത്ത് അവതരിപ്പിച്ച രാമനുണ്ണി എന്ന വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സാണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ 4K ദൃശ്യ മികവും ഡോൾബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ വിദ്യാസാഗർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്. മീനയ്‌ക്കൊപ്പം രഞ്ജിത്ത്, ജഗദീഷ്, കൊച്ചിൻ ഹനീഫ, സംവൃത സുനിൽ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
.jpg)

