തമിഴ് നടന്‍ മയില്‍സാമി അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ മയില്‍സാമി അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 57 വയസായിരുന്നു.
മിമിക്രി താരം കൂടിയായ മയില്‍സാമി ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടി.വി. അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
ചലച്ചിത്ര നിര്‍മാതാവും നടനുമായ കെ. ഭാഗ്യരാജിന്റെ 1984-ല്‍ പുറത്തിറങ്ങിയ 'ധവണി കനവുകള്‍' എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി സിനിമയില്‍ അരങ്ങേറുന്നത്. 39 വര്‍ഷത്തെ സിനിമ കരിയറിനിടെ 200 ലധികം ചിത്രങ്ങളില്‍ മയില്‍സാമി വേഷമിട്ടിട്ടുണ്ട്.
'ധൂള്‍','വസീഗര', 'ഗില്ലി', 'ഗിരി','വീരം', 'കാഞ്ചന', 'കണ്‍കളാല്‍ കൈദു സെയ്' എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2004-ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.