നമ്മള്‍ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിര്‍ബന്ധിത വിശ്രമമായിരിക്കാം ഇത് '; രശ്മിക
എന്റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാന്‍ ഞാന്‍ തീര്‍ച്ചയായും പഠിക്കണം.
'മൈസ' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. ചിത്രീകരണത്തിനിടയില്‍ തന്റെ വലതു ഇടുപ്പിലെ ഒരു ടെന്‍ഡന്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടി വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്.
'പരിക്കുകള്‍ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്... പക്ഷേ എന്ത് ചെയ്യാന്‍... ഞാന്‍ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു, സോറി എന്നാലും ഹായ്. ഇതാ ഞാന്‍ എത്തിയിരിക്കുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് സംഭവിച്ചതാണ്, തുടര്‍ച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരുക്കാണിത്... എന്റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാന്‍ ഞാന്‍ തീര്‍ച്ചയായും പഠിക്കണം.
പക്ഷേ, സംഭവം എന്താന്നുവെച്ചാല്‍... എങ്ങനെയാണ് ഞാന്‍ ഇത് വിശദീകരിക്കേണ്ടത്... (ബയോളജി ടീച്ചര്‍ക്ക് വഴി മാറിക്കൊടുക്കൂ) അതായത്, ഇടുപ്പിന്റെ ഓരോ വശത്തും നാല് ടെന്‍ഡനുകള്‍ ഉണ്ട്, അവ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്നു. അതിലൊന്ന്, എന്റെ വലത് ഇടുപ്പിലെ ഒരു ടെന്‍ഡന്‍, വേര്‍പെട്ടുപോയെന്ന് തോന്നുന്നു. എനിക്ക് കാലുയര്‍ത്താനും മറ്റും കഴിയണമെങ്കില്‍ അത് വീണ്ടും ചേരണം. 'മൈസ' സിനിമയ്ക്കു വേണ്ടിയുള്ള എന്റെ ഡാന്‍സ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്. ദൈവമേ, അതാണ് ഞാന്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും കഠിനമായ സിനിമ, ഉറപ്പ്! പക്ഷേ പേടിക്കണ്ട... വേദനയുണ്ട്, പക്ഷേ സഹിക്കാന്‍ പറ്റാത്ത അത്രയ്‌ക്കൊന്നും ഇല്ല... അപ്പോള്‍ അതാണ് വിശേഷം... നമ്മള്‍ സ്വയം ഒരു ഇടവേള എടുക്കില്ലെന്ന് മനസ്സിലാക്കി ദൈവം തന്ന ഒരു നിര്‍ബന്ധിത വിശ്രമമായിരിക്കാം ഇത്!.
എനിക്കിതുവരെ ഉണ്ടായിട്ടുള്ള പരിക്കുകളെല്ലാം വെറും യാദൃച്ഛികമാണ് - വിചിത്രമായ അപകടങ്ങള്‍! എന്തൊരു വിധി! നിര്‍ബന്ധിത അവധി - പക്ഷേ പരാതിയൊന്നുമില്ല കേട്ടോ! ഞാന്‍ ഒരുപാട് പസില്‍ ഗെയിമുകള്‍ ചെയ്യുന്നുണ്ട് - എനിക്കിതില്‍ ഇത്രയും കഴിവുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.
ശരീരഭാരം കൂടാതിരിക്കാന്‍ ശരിക്കും ശ്രമിക്കുന്നുണ്ട്. വ്യായാമവും ഓട്ടവുമൊക്കെ ചെയ്ത് നല്ല ഫിറ്റായി ഇരുന്ന ആളാണ് ഞാന്‍. ഇനി കുറേക്കാലത്തേക്ക് വ്യായാമമോ ഓട്ടമോ ഒന്നും ചെയ്യാന്‍ പറ്റില്ല, എനിക്ക് വര്‍ക്കൗട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യും... ഞാന്‍ കഴിക്കും... ഒരു ഡെസേര്‍ട്ട് രാക്ഷസിയാകും... അയ്യോ! അത്രയൊക്കെയാണ് കാര്യങ്ങള്‍... വേറെ എന്തെങ്കിലും വിട്ടുപോയോ... ഇല്ലല്ലോ... എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ഉടന്‍ അറിയിക്കാം. സ്‌നേഹം! വിഷമിക്കണ്ട കേട്ടോ', രശ്മികയുടെ വാക്കുകള്‍.
.jpg)

