സത്യക്ക് ശേഷം നെഗറ്റീവ് വേഷങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്ന് മനോജ് ബാജ്‌പേയ്

manoj bajpayee

സത്യക്ക് ശേഷം നെഗറ്റീവ് വേഷങ്ങളിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം മനോജ് ബാജ്‌പേയ്. കാമിയ ജാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

രാംഗോപാല്‍ വര്‍മ്മയുടെ സത്യ തന്റെ അഭിനയജീവിതത്തില്‍ ഏതുനിലയില്‍ വഴിത്തിരിവായെന്നാണ് പ്രധാനമായും മനോജ് അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്. സത്യക്ക് ശേഷം 8 വര്‍ഷത്തോളം ജോലിയില്ലാതിരുന്ന സാഹചര്യവും അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. സത്യക്ക് ശേഷം തേടിയെത്തിയ വില്ലന്‍ വേഷങ്ങള്‍ നിരാകരിക്കേണ്ടി വന്നതിനാലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്ന് സൂചിപ്പിച്ച മനോജ് അഭിമുഖത്തില്‍ അതിനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. 


'നായകന് എതിരെ നില്‍ക്കുന്ന കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും അക്കാലയളവില്‍ തേടിയെത്തിയിരുന്നു. പക്ഷെ ഞാന്‍ വ്യത്യസ്തമായ ഒന്നാണ് ആഗ്രഹിച്ചിരുന്നത്. ജോലിയും പണവും വേണ്ടെന്ന് വയ്ക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്, പക്ഷെ സത്യ ചെയ്യുന്നതിന് മുമ്പ് ഇത് രണ്ടുമുണ്ടായിരുന്നില്ല, സത്യയ്ക്ക് ശേഷവും ഇത് രണ്ടും ഞാന്‍ വേണ്ടെന്ന് വച്ചു. ചെയ്തത് തെറ്റോ ശരിയോ എന്ന് എനിക്ക് അറിയില്ല' എന്നാണ് മനോജ് വാജ്‌പെയ് അഭിമുഖത്തില്‍ പറയുന്നത്.

പിന്നീട് ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ഷൂള്‍, അലിഗഡ്്, സോഞ്ചിരിയ എന്നീ ചിത്രങ്ങളാണ് മനോജ് ബാജ്‌പോയ്യെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. കുടുംബചിത്രമായ ഗുല്‍മോഹറാണ് താരത്തിന്റേതായി അടുത്തതായി ഒരുങ്ങുന്നത്. രാഹുല്‍ വി. ചിറ്റെല്ല സംവിധാനം ചെയുന്ന ഗുല്‍മോഹറില്‍ ഷര്‍മിള ടാഗോര്‍, സൂരജ്് ശര്‍മ്മ, സിമ്രാന്‍, അമോല്‍ പലേക്കര്‍ എന്നിവരാണ് ഗുല്‍മോഹറിലെ പ്രധാന താരങ്ങള്‍. മാര്‍ച്ച് 3ന് ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്തും.

2019ല്‍ ഒടിടിയില്‍ ഹിറ്റായി മാറിയ 'ദി ഫാമിലി മാന്‍' വെബ് സീരീസിന്റെ മൂന്നാം സീസണുമായി മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് മനോജ് ബാജ്‌പേയ്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ തീവ്രവാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് 'ദി ഫാമിലി മാന്‍' മൂന്നാം സീസണ്‍ ഒരുങ്ങുന്നത്.

Share this story