‘തീയിൽ കുരുത്തവനാ, വെയിലത്ത് വാടില്ല’; മണിക്കുട്ടൻ


എമ്പുരാൻ ചിത്രത്തിലെ വേഷവുമായി ബന്ധപ്പെട്ട പരിഹാസങ്ങളോട് പ്രതികരിച്ച് നടൻ മണിക്കുട്ടൻ. കാരക്റ്റർ പോസ്റ്റർ പുറത്തുവന്നെങ്കിലും മണിക്കുട്ടൻ അവതരിപ്പിച്ച ഇതേ പേരിലുള്ള കഥാപാത്രത്തിന് സ്ക്രീൻ ടൈം കുറവാണ് എന്നതാണ് പരിഹാസത്തിന് കാരണം. എമ്പുരാൻ പോലൊരു ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മണിക്കുട്ടൻ പറഞ്ഞു.
എമ്പുരാനിൽ മണിക്കുട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. എന്നാൽ പോസ്റ്ററിലുള്ളതുപോലൊരു രംഗം സിനിമയിൽ ഇല്ലെന്നായിരുന്നു പ്രചരിച്ച ട്രോളുകളിലൊന്ന്. ഇത് പങ്കുവെച്ചുകൊണ്ടാണ് മണിക്കുട്ടൻ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി പറഞ്ഞത്.

"മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്. ആ ആഗ്രഹത്തിന്റെ ആത്‍മസമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപ്പെടില്ല. എപ്പോഴും പറയുന്നപോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.
പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്നു ഇവിടെവരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എന്റെ ഊർജം. എന്റെ വിശ്വാസം. അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ്. തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല". മണിക്കുട്ടൻ പറഞ്ഞു.