‘മണ്ടാടി’ ഒടിടിയിലേക്ക്

mandadi

 സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ മികച്ച വിജയത്തോട് കൂടി മുന്നേറുകയാണ്. മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടുന്ന ചിത്രം ഇതിനോടകം ആഗോള ബോക്സ് ഓഫീസിൽ 125 കോടി രൂപയ്ക്ക് മുകളിൽ സ്വന്തമാക്കി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സൂരിയുടെയും വില്ലൻ വേഷത്തിലെത്തിയ തെലുങ്ക് താരം സുഹാസിന്റെയും തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‌ഡേറ്റും പുറത്തുവന്നിട്ടുണ്ട്. പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 8 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ആക്ഷൻ ഡ്രാമയാണ് ‘മണ്ടാടി’. തമിഴ്നാട് തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെയും സെയിലിംഗ് ബോട്ട് മത്സരത്തെയുമാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. ഐമാക്സ് റിലീസായെത്തിയ ചിത്രത്തിൽ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്.

Tags