മമ്മൂട്ടിക്ക് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചത്. തിങ്കളാഴ്ച സർവ്വകലാശാല കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മമ്മൂട്ടിക്ക് ബിരുദം കൈമാറി.
ഈ പുരസ്കാര ലബ്ധിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടും മമ്മൂട്ടി കുറിച്ചു: “മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഓണററി ഡി.ലിറ്റ് ബഹുമതി ബഹുമാനപ്പെട്ട കേരള ഗവർണറിൽ നിന്ന് ഇന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഏറെ വിനയാന്വിതനാണ്. ഈ അവിസ്മരണീയമായ യാത്രയിലുടനീളം എന്നോടൊപ്പം നിലകൊണ്ട നിങ്ങളിൽ ഓരോരുത്തരോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.”
ഒരു സംസ്ഥാന സർവ്വകലാശാലയിൽ നിന്ന് മമ്മൂട്ടിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഒണററി ഡോക്ടറേറ്റാണിത്. സിനിമയിലൂടെ കലയ്ക്കും സാഹിത്യത്തിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് 2010 ജനുവരിയിൽ കേരള സർവ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകിയിരുന്നു. തുടർന്ന് അതേ വർഷം തന്നെ, കലാരംഗത്തെയും പൊതുസേവന രംഗത്തെയും അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് അന്നത്തെ ഗവർണർ കാലിക്കറ്റ് സർവ്വകലാശാലയുടെ ഓണററി ഡി.ലിറ്റും നൽകി മമ്മൂട്ടിയെ ആദരിച്ചു. “ഞാനൊരു ഡോക്ടറാകാൻ എന്റെ പിതാവ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ രോഗികളെയല്ല, പകരം സിനിമയിലൂടെ കഴിഞ്ഞ 45 വർഷമായി നിങ്ങളെയാണ് ഞാൻ ചികിത്സിച്ചുകൊണ്ടിരിക്കുന്നത്," എന്നായിരുന്നു ഓണററി ഡി.ലിറ്റ് ബഹുമതി വാങ്ങിയ ശേഷം മമ്മൂട്ടി പറഞ്ഞത്.
.jpg)

