മമ്മൂട്ടിയും ദുല്‍ഖറും നേര്‍ക്കുനേര്‍; ബോക്സ് ഓഫീസ് ക്ലാഷിനെക്കുറിച്ച് മനസ് തുറന്ന് ദുല്‍ഖര്‍ സല്മാന്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകനും ജനപ്രിയ നായകനുമായ ദുല്‍ഖര്‍ സല്‍മാനും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ചാ വിഷയം. നവംബര്‍ 20ന് മമ്മൂട്ടിയുടെ പുതിയ ചിത്രവും ദുല്‍ഖറിന്റെ ചിത്രവും ഒരേസമയം തിയറ്ററുകളിലെത്തുകയാണ്. ഈ ബോക്സ് ഓഫീസ് ക്ലാഷിനെക്കുറിച്ചും പിതാവിനൊപ്പമുള്ള റിലീസിനെക്കുറിച്ചും ദുല്‍ഖര്‍ സല്മാന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
''ഞങ്ങളുടെ ഒപ്പം ഒരു വലിയ തിമിംഗലം കൂടി വരുന്നുണ്ട്, 'ഓമ്'. പക്ഷെ രണ്ടും രണ്ട് ജോണര്‍ സിനിമകളാണ്. രണ്ട് ഭാഷകളിലുള്ള സിനിമകളാണ്. അതും കാണുക, ഇതും കാണുക. എല്ലാവര്ക്കും നല്ലൊരു വീക്കെന്‍ഡ് ആകട്ടെ'' എന്നായിരുന്നു ദുല്‍ഖര്‍ സല്മാന് ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ആക്ഷന്‍ ചിത്രം 'ഓമ്' (O.M - Chapter 1: Udhiram - The Blood Wood) നവംബര്‍ 20നാണ് തിയറ്ററുകളിലെത്തുന്നത്. രാജ്കുമാര് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സായ് പല്ലവി, ശ്രീലീല, ഇന്ദ്രന്‍സ്, നസറുദ്ദീന്‍ ഷാ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
അതേ ദിവസം തന്നെയാണ് പവന് സാദിനേനി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമായ 'ആകാശം ലോ ഒക താര'യും റിലീസിനെത്തുന്നത്. തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലുമായി എത്തുന്ന ഈ ചിത്രം ഒരു ഡ്രീം ആന്‍ഡ് ഫീല്‍ ഗുഡ് ജോണറിലുളളതാണ്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്തായാലും നവംബര്‍ 20-ന്റെ ബോക്സ് ഓഫീസ് പോരാട്ടം വന്‍ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്.
.jpg)

