മമ്മൂട്ടിയും ധനുഷും സേർന്താൽ മാസ്സ് ക്ലാസ്; പ്രതീക്ഷ ഉണർത്തി 'ഓം' ട്രെയിലർ; നവംബർ 20ന് ആഗോള റിലീസ്
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–മമ്മൂട്ടി ചിത്രം 'ഓം - ഓപ്പറേഷൻ മോൾ' (O.M Operation Mole) സിനിമയുടെ ട്രെയിലർ റിലീസായി. ധനുഷും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയാണ് 'ഓം' സിനിമയുടെ പ്രധാന ആകർഷണം. 'അമരൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ചേർന്ന വലിയ ക്യാൻവാസിൽ സാങ്കേതിക മികവ് പുലർത്തുന്ന ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നവംബർ 20ന് ആഗോള റിലീസിനു ഒരുങ്ങുന്ന ഓമിൽ സായി പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായി എത്തുന്നത്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണാവകാശം എടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമെന്നതിനു പുറമെ ധനുഷിനുള്ള കേരളത്തിലെ വലിയ ആരാധകവൃന്ദവും ചിത്രത്തിന് അനുകൂല ഘടകമാണ്. മമ്മൂട്ടിയും ധനുഷും ഒരേ ഫ്രെയിമിൽ എത്തുന്ന രംഗങ്ങൾക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. സായ് അഭയങ്കറുടെ സംഗീതവും സിനിമയുടെ ഹൈപ്പ് ഘടകങ്ങളിൽ ഒന്നാണ്.
ചിത്രത്തിൽ ബർമ കാർത്തിക്കേയൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള നിർണായക കഥാപാത്രമാണ് ബർമ കാർത്തിക്കേയൻ. ധനുഷിന്റെ കഥാപാത്രം ഇയാളുമായി അടുത്ത ബന്ധം പുലർത്തുന്ന രീതിയിലാണ് കഥയുടെ പശ്ചാത്തലമെന്നാണ് പുറത്തുവന്ന പ്രോമോകൾ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചത് ആദ്യഘട്ടത്തിൽ തന്നെയായിരുന്നുവെന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണത്തിന് പത്ത് ദിവസം മുമ്പ് കൊച്ചിയിലെ വീട്ടിലേക്ക് സംവിധായകനെ വിളിച്ചുവരുത്തി രണ്ടര ദിവസത്തോളം തിരക്കഥ മുഴുവനായി കേട്ട ശേഷമാണ് മമ്മൂട്ടി സെറ്റിലെത്തിയത്. ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങളും കഥയുടെ വളർച്ചയും വിശദമായി മനസ്സിലാക്കിയാണ് അദ്ദേഹം ചിത്രീകരണത്തിൽ പങ്കെടുത്തതെന്നും സംവിധായകൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് 'ഓം'. ഏകദേശം ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ചുവന്ന ചന്ദനത്തിന്റെ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥയാണ് നിത്യ. ആന്ധ്രാപ്രദേശ് സ്വദേശിനിയായ കഥാപാത്രത്തിന്റെ പശ്ചാത്തലവും അന്വേഷണത്തിലെ നിർണായക ഇടപെടലുകളും വ്യക്തമാക്കുന്ന പ്രത്യേക ക്യാരക്ടർ ഗ്ലിംപ്സ് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സായി പല്ലവിയുടെ കരിയർ ഹിറ്റ് ട്രാക്ക് ചിത്രത്തിന് വലിയ വരവേൽപ്പ് നൽകുമെന്നാണ് പ്രതീക്ഷ.
ശ്രീലീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. വിവിധ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ബർമയുമായി ബന്ധപ്പെട്ട പശ്ചാത്തലവുമാണ് സിനിമയുടെ കഥയെ മുന്നോട്ടുനയിക്കുന്നതെന്ന് സംവിധായകൻ സൂചിപ്പിച്ചിട്ടുണ്ട്. സാധാരണ ഗ്യാങ്സ്റ്റർ സിനിമ എന്നതിലുപരി വൈകാരികമായ കഥാതന്തുവാണ് ചിത്രത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധനുഷ്, ശ്രദ്ധ അഗർവാൾ, അസ്മത് ജഗ്മഗ് എന്നിവരാണ് നിർമാതാക്കൾ. സായ് അഭ്യങ്കറാണ് സംഗീതസംവിധാനം. എഴിൽ അരശൻ കെ. ഛായാഗ്രഹണവും ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫക്ദീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
പ്രൊഡക്ഷൻ ബാനർ- വണ്ടർബാർ ഫിലിംസ്, ആർടേക്ക് സ്റ്റുഡിയോസ്, പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസൻ, സംഗീതം - സായ് അഭയങ്കർ, എഡിറ്റിംഗ് - ആർ കലൈവാണൻ, ആക്ഷൻ- യാനിക് ബെൻ, കെച്ച ഖംഫക്ദീ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ, വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, ഡിജിറ്റൽ പി ആർ- അഖിൽ വിഷ്ണു വി എസ്, പി. ആർ. ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ് - വി സിട്രറസ്, മേക്കപ്പ് - ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, കേരള ഡിസ്ട്രിബൂഷൻ- ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് - ഡ്രീം ബിഗ് ഫിലിംസ്.
.jpg)

