‘മായൻ ചാപ്റ്റർ 1’ പുതിയ പോസ്റ്റർ പുറത്ത്

Maayan

 ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’-ന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൊട്ടിച്ചിതറിയ ചില്ലിനുള്ളിൽ പ്രധാന കഥാപാത്രങ്ങളുടെ മുഖങ്ങൾ തെളിയുന്ന തരത്തിലുള്ള നിഗൂഢത നിറഞ്ഞ ഡിസൈനാണ് പോസ്റ്ററിന്റേത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ ജയസൂര്യ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ ശക്തികളും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷ ഉണർത്തിയിരുന്നു.

‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് ഒരുക്കുന്ന സിനിമയാണിത്. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നൈല ഉഷ നായികയാകുന്ന ചിത്രത്തിൽ വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്.

13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര സംഗീത ഭീമന്മാരായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഓഡിയോ അവകാശം യൂണിവേഴ്സൽ മ്യൂസിക് സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തിലെ ‘കൊല്ലിപ്രാക്ക്’ എന്ന ഗാനം പുറത്തിറങ്ങിയതോടെ മറ്റ് പാട്ടുകൾക്കായുള്ള കാത്തിരിപ്പിലാണ് സംഗീതപ്രേമികൾ.

Tags