ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘മാ ഇൻടി ബംഗാരം’
നടി സാമന്ത കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘മാ ഇൻടി ബംഗാരം’ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചു കഴിഞ്ഞു. സാമന്തയുടെ സ്വന്തം നിർമ്മാണ കമ്പനിയായ ട്രലാല മൂവിങ് പിക്‌ചേഴ്‌സ് നിർമിച്ച ഈ ചിത്രം, വനിതാ കേന്ദ്രീകൃത സിനിമകൾക്ക് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയില്ലെന്ന സിനിമാ വ്യവസായത്തിലെ ചില പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ചിരിക്കുകയാണ്.
സിനിമയുടെ വൻ വിജയത്തിന് പിന്നാലെ, റിലീസിന് മുൻപ് നേരിടേണ്ടി വന്ന ഒരു കയ്പ്പേറിയ അനുഭവം സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ചിത്രത്തിന്റെ റിലീസിന് തൊട്ടുമുൻപ്, ഒരു ഡിസ്ട്രിബ്യൂട്ടർ “ഒരു നായികയുടെ പടം കാണാൻ ആര് വരാനാണ്, ആളുകൾ തിയേറ്ററിലേക്ക് വരണമെങ്കിൽ വലിയ ഹീറോയുടെ പടം വേണം” എന്ന് പരിഹസിച്ചതായി സാമന്ത വെളിപ്പെടുത്തി. തന്റെ സുഹൃത്ത് ഫോണിൽ സംസാരിക്കുമ്പോൾ ഇപ്പുറത്തിരുന്ന് താൻ ഇതെല്ലാം കേൾക്കുന്നുണ്ടെന്ന് ആ ഡിസ്ട്രിബ്യൂട്ടർ അറിഞ്ഞിരുന്നില്ലെന്നും സാമന്ത ഓർത്തെടുത്തു.
ആളുകൾ പരിഹസിച്ചാലും റിസ്‌ക് എടുക്കാൻ തയ്യാറായാൽ മാത്രമേ സിനിമയിൽ മാറ്റങ്ങൾ ഉണ്ടാകൂ എന്ന് സാമന്ത കൂട്ടിച്ചേർത്തു. ഈ 100 കോടി വിജയം സിനിമാ മേഖലയിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും, ഇനിമേൽ സ്ത്രീ കേന്ദ്രീകൃത സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ ഡിസ്ട്രിബ്യൂട്ടർമാർ എടുത്ത വായിൽ ‘നോ’ പറയില്ലെന്ന് പ്രതീക്ഷിക്കുന്നതായും സാമന്ത പറഞ്ഞു. ജൂൺ 19ന് റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് നന്ദിനി റെഡ്ഢിയാണ്.
.jpg)

