6 ദിവസം കൊണ്ട് 55 കോടി ; ബോക്സ് ഓഫീസിൽ തരംഗമായി ‘മാ ഇന്തി ബംഗാരം’!
ആദ്യ വാരാന്ത്യത്തിലെ വമ്പൻ വിജയത്തിന് ശേഷം ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന പ്രകടനവുമായി മുന്നേറുകയാണ് സാമന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായെത്തിയ ‘മാ ഇന്തി ബംഗാരം’. ബി.വി. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ഈ ആക്ഷൻ-കോമഡി ഫാമിലി ഡ്രാമ ചിത്രം റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ കളക്ഷനിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആഗോളതലത്തിൽ 60 കോടി രൂപ എന്ന നാഴികക്കല്ലിലേക്ക് വേഗത്തിൽ അടുക്കുകയാണ്. പ്രമുഖ ട്രേഡ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ആറാം ദിവസമായ ജൂൺ 24ന് മാത്രം ഇന്ത്യൻ വിപണിയിൽ നിന്ന് 2.5 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതിൽ ചിത്രത്തിന്റെ പ്രധാന പതിപ്പായ തെലുങ്ക് 2.35 കോടി രൂപ നേടിയപ്പോൾ, തമിഴ് പതിപ്പ് 15 ലക്ഷം രൂപയും ഇതേ ദിവസം സ്വന്തമാക്കി.
ജൂൺ 24ന് തിയേറ്ററുകളിൽ തെലുങ്ക് പതിപ്പിന് ശരാശരി 22.63 ശതമാനവും തമിഴ് പതിപ്പിന് 14.82 ശതമാനവും ഒക്യുപെൻസിയാണ് രേഖപ്പെടുത്തിയത്. വൈകുന്നേരത്തെയും രാത്രിയിലെയും ഷോകളിലാണ് തിയേറ്ററുകളിലേക്ക് കൂടുതൽ ആളുകൾ ഒഴുകിയെത്തിയത്. വിദേശ വിപണിയിലും മികച്ച പ്രതികരണം നേടുന്ന ചിത്രം ജൂൺ 25-ന് മാത്രം വിദേശത്തുനിന്ന് ഒരു കോടി രൂപ കൂടി കളക്ഷൻ ലിസ്റ്റിലേക്ക് കൂട്ടിച്ചേർത്തു. ആറ് ദിവസത്തെ വിജയകരമായ പ്രദർശനം പൂർത്തിയാക്കിയതോടെ ഇന്ത്യയിൽ നിന്ന് മാത്രം 33.2 കോടി രൂപയുടെ നെറ്റ് കളക്ഷനും, 38.36 കോടി രൂപയുടെ ഗ്രോസ് കളക്ഷനും നേടാൻ സാമന്ത ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള 17.35 കോടി രൂപയുടെ കളക്ഷൻ കൂടി ചേരുമ്പോൾ ‘മാ ഇന്തി ബംഗാരം’ സിനിമയുടെ ആകെ ആഗോള കളക്ഷൻ ഇപ്പോൾ 55.71 കോടി രൂപയിൽ എത്തിനിൽക്കുകയാണ്. ജൂൺ 19-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ ‘സ്വർണ്ണ’ അഥവാ ‘ജാൻസി’ എന്ന വേറിട്ട ആക്ഷൻ വേഷത്തിലാണ് സാമന്ത തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. സാമന്തയ്ക്ക് പുറമെ ഗുൽഷൻ ദേവയ്യ, ദിഗന്ത് മഞ്ചാലെ, മഞ്ജുഷ മുക്കാവില്ലി, ചൈതന്യ കൃഷ്ണ, ശ്രീമുഖി, ഗൗതമി തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം ഒടുവിൽ സാമന്തയ്ക്ക് ബോക്സ് ഓഫീസിൽ വലിയൊരു വിജയമാണ് സമ്മാനിക്കുന്നത്.
.jpg)

