ബോക്സ് ഓഫീസിൽ 50 കോടി പിന്നിട്ട് ‘ലവ് ഇൻഷുറൻസ് കമ്പനി !

Gokulam Movies to bring Pradeep Ranganathan's film 'Love Insurance Company' to Kerala

 പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സൈഫൈ റൊമാന്റിക് ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് എട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 50 കോടി രൂപയെന്ന മാന്ത്രിക സംഖ്യ കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ 9.93 കോടി രൂപ ആഗോളതലത്തിൽ നേടിയ ചിത്രം, യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് മികച്ച കളക്ഷനാണ് നിലവിൽ സ്വന്തമാക്കുന്നത്.

തുടർച്ചയായ മൂന്ന് 100 കോടി ചിത്രങ്ങൾക്ക് ശേഷം പ്രദീപ് രംഗനാഥൻ നായകനായെത്തുന്ന സിനിമ എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഇതിനെ കാത്തിരുന്നത്. കൃതി ഷെട്ടി നായികയായെത്തുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയുടെ പ്രകടനം വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ സംഗീതവും ചിത്രത്തിന് വലിയ മൈലേജ് നൽകി. നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് വിതരണ പങ്കാളിയായ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്. മിഷ്കിൻ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags