ലണ്ടനിൽത്തന്നെ ഒന്നിക്കും 'രാജും സിമ്രാനും', ലെസ്റ്റർ സ്ക്വയറിൽ വെങ്കല പ്രതിമ ഉയരുന്നു
Apr 10, 2025, 19:45 IST


ട്രെയിൻ വാതിലിൽ പുറത്തേക്ക് കൈനീട്ടിനിൽക്കുന്ന രാജിനടുത്തേക്കെത്താൻ സിമ്രാൻ ഓടുന്നത് കാണുമ്പോൾ ഇപ്പോഴും ഓരോ സിനിമാപ്രേമിയുടെയും നെഞ്ചിടിപ്പേറും. ഷാരൂഖ് ഖാനും കജോളും തകർത്തഭിനയിച്ച്, 1995-ൽ പുറത്തിറങ്ങിയ ‘ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ’യുടെ വിജയഗാഥയ്ക്ക് മാറ്റുകൂട്ടാൻ ഇതാ ഒന്നുകൂടി.സിനിമയിൽ ഷാരൂഖ് അവതരിപ്പിച്ച രാജും കജോളിന്റെ സിമ്രാനും ആദ്യമായി കണ്ടുമുട്ടുന്ന ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ അവരുടെ വെങ്കല പ്രതിമ ഉയരും.
ലെസ്റ്റർ സ്ക്വയറിലെ ‘സീൻസ് ഇൻ ദി സ്ക്വയർ’ സിനിമാ ട്രെയിലിൽ ഈ പ്രതിമ നിർമിക്കുമെന്ന് ഹാർട്ട് ഓഫ് ലണ്ടൻ ബിസിനസ് അലയൻസ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ 20-ന് വരാനിരിക്കുന്ന സിനിമയുടെ 30-ാം റിലീസ് വാർഷികത്തിന് മാസങ്ങൾക്കുമുൻപ് അനാച്ഛാദനവും ചെയ്യും.
ട്രെയിൻ യാത്രയ്ക്കിടയിൽ ലണ്ടനിൽവെച്ച് കണ്ടുമുട്ടുന്ന ഇന്ത്യക്കാരായ ചെറുപ്പക്കാരുടെ പ്രണയകഥയാണ് ദിൽ വാലെ ദുൽഹനിയ ലെ ജായേംഗെ. ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിർമിച്ച സിനിമയിലെ മിക്കരംഗങ്ങളും യുകെയിലാണ് ചിത്രീകരിച്ചത്
