ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും 'മരണമാസ്സ്'

maranamass
maranamass

 ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും 'മരണമാസ്സ്.  നാടിനെ നടുക്കുന്ന ഒരു സീരിയല്‍ കില്ലറും അയാള്‍ കൊല്ലാനുദ്ദേശിച്ചയാളും ലൂക്കും ലൂക്കിന്റെ കാമുകിയുമെല്ലാം ഒന്നിച്ച് ബസില്‍ അകപ്പെട്ടുപോവുന്ന ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നായകനായ ബേസില്‍ ജോസഫ് ചെയ്യുന്ന ലൂക്ക് എന്ന കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഡാര്‍ക്ക് കോമഡി സൈഡ് പരീക്ഷിച്ചിരിക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ ചിരിപ്പിക്കാനും അതോടൊപ്പം തന്നെ ത്രില്ലിങ്ങ് അനുഭവം നല്‍കാനും സാധിക്കുന്നുമുണ്ട്. ‘പൊന്മാന്‍’ സിനിമക്ക് ശേഷം മരണമാസിലൂടെ തലതെറിച്ച ലൂക്ക് എന്ന കഥാപാത്രത്തിലൂടെ ബേസില്‍ വീണ്ടും ജനഹൃദയങ്ങള്‍ കീഴടക്കിയ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. അഭിനയത്തോടൊപ്പം സിനിമയുടെ പിന്നണിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ച സിജു സണ്ണി, ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കണ്ടക്ടര്‍ വേഷവും ചെയ്തിട്ടുണ്ട്. നവാഗത സംവിധായകന്റെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ വിഷയം കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ സംവിധായകനായിട്ടുണ്ട്. സുരേഷ് കൃഷ്ണയുടെ ബസ് ഡ്രൈവര്‍ ജിക്കു, രാജേഷ് മാധവന്റെ ബനാന കില്ലര്‍ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ട്. രസച്ചരടില്‍ നിന്ന് പ്രേക്ഷകനെ പോവാന്‍ അനുവദിക്കാതെ വിധത്തില്‍ ‘മരണമാസ്സി’നെ നിലനിര്‍ത്തുന്നത് നീരജ് രവിയുടെ ഛായാഗ്രഹണമാണ്.

നടന്‍ സിജു സണ്ണി കഥയെഴുതി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. സിജുവും ശിവപ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും വേഷമിടുന്നു. 

സിനിമയിലെ കഥാപാത്രങ്ങളെല്ലാം തിരക്കഥയുടെ രസച്ചരടില്‍ ഇഴുകിച്ചേര്‍ന്നവയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ‘മരണമാസ്’ നിര്‍മിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Tags