ബോക്സോഫീസിൽ ലാലേട്ടൻറെ ആധിപത്യം 'തുടരും വൻ കളക്ഷൻ

thudarum
thudarum

ലയാള സിനിമയിൽ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹൻലാൽ നായകനായ തുടരും. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതൽ ജനം ഏറ്റെടുത്തിരിക്കുകയാണ്. 

ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാൽ ഫീൽ ഗുഡ് അല്ലെന്നുമാണ് സംവിധായകൻ തരുൺ മൂർത്തി റിലീസിന് മുൻപ് പറഞ്ഞത്. ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിൻറെ ആക്ഷൻ, ത്രില്ലർ അംശങ്ങൾ അണിയറക്കാർ ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നു. എന്നാൽ ആദ്യ ഷോകൾക്കിപ്പുറം വമ്പൻ മൗത്ത് പബ്ലിസിറ്റി നേടിയതോടെ ഇന്നുവരെ ബോക്സ് ഓഫീസിൽ ചിത്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

ഇപ്പോഴിതാ രണ്ടാം ഞായറാഴ്ചയും ആഭ്യന്തര കളക്ഷനിൽ ചിത്രം വൻ കുതിപ്പ് നടത്തുകയാണ്. രണ്ടാം ഞായറാഴ്ച ഓൺലൈൻ ട്രാക്കർമാരായ സാക്നിൽ.കോം കണക്ക് പ്രകാരം ചിത്രം 9.08 കോടിയാണ് ഇന്ത്യയിൽ നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത്. രണ്ടാം ശനിയിലെ കളക്ഷനെക്കാൾ 46.45 ശതമാനമാണ് ചിത്രത്തിൻറെ കളക്ഷൻ വർദ്ധിച്ചിരിക്കുന്നത്. വലിയ മലയാളം റിലീസുകൾ ഒന്നും അടുത്തൊന്നും ഇല്ലത്താതിനാൽ തീയറ്റിൽ ആധിപത്യം 'തുടരും' എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. 

ട്രാക്കർമാർ നൽകുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തിൽ 150 കോടിയിൽ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും. 

ആവേശവും ആടുജീവിതവുമാണ് കളക്ഷനിൽ ഇനി തുടരുമിന് മുന്നിൽ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷൻ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാജി കുമാർ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്

Tags