പുതിയ പരീക്ഷണങ്ങൾക്ക് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

chakochan

 സിനിമാപ്രേമികളുടെ ചോക്ലേറ്റ് താരം എന്ന ലേബലിൽ നിന്നും വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേക്ക് കുഞ്ചാക്കോ ബോബൻ നടത്തിയ ചുവടുമാറ്റം പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിക്കുന്നതായിരുന്നു. സ്ഥിരമായി ഒരേ ഗണത്തിൽപ്പെട്ട വേഷങ്ങൾ ചെയ്തപ്പോൾ തനിക്കും പ്രേക്ഷകർക്കും ഒരുപോലെ മടുപ്പ് അനുഭവപ്പെട്ടുവെന്നും, അതാണ് പുതിയ പരീക്ഷണങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്നും താരം വെളിപ്പെടുത്തി. പേർളി മാണിയുമായുള്ള അഭിമുഖത്തിനിടയിലാണ് തന്റെ കരിയറിലെ ഈ നിർണ്ണായക മാറ്റത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

2017-ന് മുൻപുള്ള തന്റെ സിനിമകൾ ശ്രദ്ധിച്ചാൽ അവയിലെല്ലാം ഒരേ അപ്പിയറൻസും ഗെറ്റപ്പുമായിരുന്നുവെന്നും കഥാപാത്രങ്ങൾക്കെല്ലാം ഒരു റൊമാന്റിക് ഷെയ്ഡ് ഉണ്ടായിരുന്നുവെന്നും ചാക്കോച്ചൻ പറഞ്ഞു. തന്റെ ഈ പരിമിതമായ ശൈലി തിരിച്ചറിഞ്ഞ പ്രേക്ഷകർക്ക് ബോറടിച്ചു തുടങ്ങിയതോടെ കുറച്ചു കാലം സിനിമയിൽ നിന്ന് മാറി വീട്ടിലിരിക്കേണ്ടി വന്നുവെന്നും താരം തുറന്നു സമ്മതിച്ചു. ഈ തിരിച്ചറിവാണ് ട്രാക്ക് മാറ്റാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

2020-ന് ശേഷം താൻ ചെയ്ത സിനിമകളിൽ പ്രകടമായ മാറ്റം കാണാൻ സാധിക്കുമെന്നും അത് ഒരു തുടർച്ചയായ പ്രക്രിയയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറ്റരാത്രികൊണ്ട് സംഭവിച്ച മാറ്റമല്ല ഇതെന്നും ഇതിനു പിന്നിൽ ഒട്ടനവധി പരീക്ഷണങ്ങളും പരാജയങ്ങളുമുണ്ടെന്നും താരം പറഞ്ഞു. പഴയ റൊമാന്റിക് റോളുകൾ ചെയ്യണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും, തന്റെ കരിയറിൽ വ്യത്യസ്തമായ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാനാണ് ഇപ്പോൾ താൽപ്പര്യപ്പെടുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Tags