ചോട്ടാ ഭീമും യുവ ക്രിക്കറ്റർമാരും ഒന്നിക്കുന്ന ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശനിൽ
ന്യൂഡൽഹി: ഗ്രീൻ ഗോൾഡ് ആനിമേഷൻ നിർമിക്കുന്ന പുതിയ അനിമേറ്റഡ് പരമ്പരയായ ‘ഖേൽ ഖേൽ മേൻ’ നവംബർ 29 മുതൽ ദൂരദർശൻ നാഷണലിൽ സംപ്രേഷണം ആരംഭിക്കും.സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനുവേണ്ടി ഗ്രീൻ ഗോൾഡ് അനിമേഷൻ നിർമിച്ച പരമ്പരയിൽ 11 മിനിറ്റ് വീതമുള്ള 26 എപ്പിസോഡുകളാണുള്ളത്. നവംബർ 29 ഞായറാഴ്ച രാവിലെ 10.30ന് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യും. തുടർന്ന് എല്ലാ ഞായറാഴ്ചയും രണ്ട് എപ്പിസോഡുകൾ വീതം ദൂരദർശൻ നാഷണലിൽ സംപ്രേഷണം ചെയ്യും.
ക്രിക്കറ്റിലൂടെ യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും രാജ്യത്തിൻ്റെ പുരോഗതിയിൽ ഓരോ വ്യക്തിക്കുമുള്ള പങ്കും അവതരിപ്പിക്കുന്ന പരമ്പരയിൽ ജനപ്രിയ കഥാപാത്രമായ ചോട്ടാ ഭീമിനൊപ്പം മൂന്ന് യുവ ക്രിക്കറ്റർമാരായ നിപുൻ, അപരാജിത, തേജസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
ബഹാദുർഗഢിലെ മൂന്ന് യുവാക്കളുടെ ക്രിക്കറ്റ് സ്വപ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തിൻ്റെ പ്രതീക്ഷകൾ, വ്യക്തിപരമായ വെല്ലുവിളികൾ, മത്സരങ്ങൾ, സൗഹൃദം, കൂട്ടായ്മ എന്നിവയിലൂടെ അവർ മുന്നേറുന്നു. ചോട്ടാ ഭീം അവർക്ക് മാർഗദർശിയും പ്രചോദനവുമാകുന്നു. ക്രിക്കറ്റിനപ്പുറം പുതിയ സാങ്കേതികവിദ്യ, സംരംഭകത്വം, ശാസ്ത്രം, നവീകരണം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റവും പരമ്പര പ്രമേയമാക്കുന്നു. രാജ്യത്തിൻ്റെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളിയാകാമെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ഗ്രീൻ ഗോൾഡ് അനിമേഷൻ സ്ഥാപകനും സിഇഒയുമായ രാജീവ് ചിലകയാണ് പരമ്പരയുടെ ആശയം വിശദീകരിച്ചത്. ചോട്ടാ ഭീമിലൂടെ മുന്നോട്ടുവച്ച ധൈര്യം, ദയ, ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവം തുടങ്ങിയ മൂല്യങ്ങൾ പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
.jpg)

