‘ഖലീഫ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ വൈറൽ
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’ എന്ന ചിത്രത്തിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. രൺജി പണിക്കർ അവതരിപ്പിക്കുന്ന ‘മമ്പറയ്ക്കൽ യൂനസ് അലി’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തിന്റെ ഒമ്പതാമത്തെ ക്യാരക്ടർ പോസ്റ്ററാണിത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി താരങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകൾ ഒന്നിനുപുറകെ ഒന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മോഹൻലാലിന്റെ അതിഥി വേഷവും ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്നുണ്ട്.
ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ‘ഖലീഫ’ രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന നായകകഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നത്. മാളവിക ശർമ്മ നായികയായിയെത്തുന്ന ഈ ചിത്രം താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണ്. ചിത്രത്തിലേതായി പുറത്തുവന്ന ‘അസലായവളെ’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. വൻ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറായ ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടേഴ്സ് ചേതൻ ഡിസൂസ, യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവരാണ്. സുരേഷ് ദിവാകർ കോ ഡയറക്ടറായ ചിത്രത്തിന്റെ കലാസംവിധാനം വിശ്വനാഥ് അരവിന്ദും വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് അമൽ ചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ.
.jpg)

