‘ഖലീഫ’യുടെ ആദ്യ ഷോ രാവിലെ 9 മണിക്ക് ആരംഭിക്കും
പൃഥ്വിരാജ് – വൈശാഖ് – ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഖലീഫ’യുടെ ആദ്യ ഷോ രാവിലെ 9 മണിക്ക് ആരംഭിക്കും. കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലും രാവിലെ 9 മണിക്ക് മാത്രമേ ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിക്കൂ എന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നൊവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
പൃഥ്വിരാജ് ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, കേരളത്തിൽ ഫാൻസ് ഷോകളോടെയാണ് ഓഗസ്റ്റ് 20-ന് രാവിലെ 9 മണിക്ക് പ്രദർശനം ആരംഭിക്കുക. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം. ചിത്രത്തിന്റെ ട്രെയ്‌ലറും ഇന്ന് പുറത്തിറങ്ങും.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാണ് ‘ഖലീഫ’. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി.
.jpg)

