കെജിഎഫ് നടനെ മോശം വാക്കുപയോഗിച്ച് സംവിധായകന്‍

KGF Chapter 2

ഹൈദരാബാദ്: തെലുങ്ക് സിനിമ സംവിധായകന്‍ കെജിഎഫ് 2 സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഒരു യൂട്യൂബ് റൗണ്ട് ടേബിള്‍ അഭിമുഖത്തിലാണ് തെലുങ്ക് സംവിധായകനായ വെങ്കിടേഷ് മഹാ കെജിഎഫ് 2 എന്ന പടത്തിനെക്കുറിച്ച് തമാശ പറഞ്ഞത്. ഇതില്‍ യാഷ് അഭിനയിച്ച നായക കഥാപാത്രത്തെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചുവെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കന്നഡ പ്രേക്ഷകര്‍ ട്വിറ്ററിലും മറ്റും സംവിധായകനെതിരെ തിരിഞ്ഞിട്ടുണ്ട്. 

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് ഒരു തമാശ പറയുകയായിരുന്നു ഈ ചര്‍ച്ചയില്‍. ചിത്രത്തിന്റെ പേര് താന്‍ പറയുന്നില്ലെന്ന് പറഞ്ഞാണ്  വെങ്കിടേഷ് മഹാ തുടങ്ങുന്നത്. എന്നാല്‍ തുടങ്ങിയപ്പോള്‍ തന്നെ ഒപ്പമുള്ള സംവിധായകര്‍ അത് കെജിഎഫ് ആണെന്ന് പറയുന്നുണ്ട്.

സമ്പത്തുണ്ടാക്കുന്ന നായകന്റെ അമ്മ നായകനെ പ്രേരിപ്പിക്കുന്നു. അതിന് വേണ്ടി അവന്‍ ഒരു ചൂഷകനാകുന്നു. ഇത് പറഞ്ഞ് വെങ്കിടേഷ് മഹാ ഒരു മോശം വാക്ക് ഉപയോഗിച്ച് നായക കഥാപാത്രത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. കെജിഎഫ് സിനിമ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും സംവിധായകന്‍ പറയുന്നുണ്ട്. അമ്മ മകനെ ചൂഷകനാക്കി, സാധാരണക്കാരായ മനുഷ്യരെ ഉപയോഗിച്ച് സ്വര്‍ണ്ണം എല്ലാം കുഴിച്ചെടുത്ത് അതിനൊപ്പം കടലില്‍ മുങ്ങുന്നു. അതിന് അവനെ സഹായിച്ച സാധാരണക്കാരന് ഒന്നും ലഭിക്കുന്നില്ല സംവിധായകന്‍ പറയുന്നു. 

കെജിഎഫിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമല്ല മറിച്ച് അദ്ദേഹം അത് പ്രകടിപ്പിക്കുന്ന രീതിയും ഉപയോഗിച്ച ഭാഷയുമാണ് പ്രശ്‌നം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം. 

ഒരു സംവിധായകനെന്ന നിലയില്‍ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചതിന് നിരവധി ആരാധകര്‍ മഹായെ പിന്തുണയ്ക്കുമ്പോള്‍, വിവാദ പരാമര്‍ശത്തിന് യാഷിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിരോധിക്കുമെന്ന് പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അധിക്ഷേപം ചൊരിയുന്ന വാക്ക് ഉപയോഗിച്ചതാണ് സംവിധായകന് ജനങ്ങളില്‍ നിന്ന് സൈബര്‍ അറ്റാക്ക് ഉണ്ടാകുന്നത്. 


നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിര്‍വാണ, വിവേക് ആത്രേയ എന്നീ സംവിധായകരും ജേര്‍ണലിസ്റ്റ് പ്രേമയുടെ ഈ റൗണ്ട് ടേബിളില്‍ പങ്കെടുത്തു. ഏറെ നിരൂപ പ്രശംസ നേടിയ ഇ/ീ കഞ്ചരപാലം എന്ന ചിത്രം സംവിധാനം ചെയ്തയാളാണ്  വെങ്കിടേഷ് മഹാ. തുടര്‍ന്ന് മലയാളത്തില്‍ വന്‍ ഹിറ്റായ മഹേഷിന്റെ പ്രതികാരം ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന പേരില്‍ എടുത്തതും ഇദ്ദേഹമാണ്.


 

Share this story