മികച്ച പ്രതികരണവുമായി “യൂത്ത്”

youthmovie

 തമിഴ് യുവതാരം കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തുന്ന “യൂത്ത്” എന്ന ചിത്രം തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയമാകുന്നു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ എത്തിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സ്കൂൾ-കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും കുടുംബബന്ധങ്ങളും കോർത്തിണക്കി ഒരുക്കിയ ഈ പക്കാ ഫെസ്റ്റിവൽ എന്റർടൈനർ, യുവത്വത്തിന്റെ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഹൗസ് ഫുൾ ഷോകളുമായി ചിത്രം പ്രദർശനം തുടരുകയാണ്.

മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്ക് ഇരട്ടി മധുരമാകുന്നു. കെൻ കരുണാസിന്റെ അച്ഛനായി സുരാജ് നടത്തുന്ന പ്രകടനം സിനിമയുടെ വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. മലയാളി താരം അനിഷ്മ അനിൽകുമാർ നായികയാകുന്ന ചിത്രത്തിൽ ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഹാസ്യത്തിനും വൈകാരിക നിമിഷങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഈ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ എല്ലാ വിഭാഗം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒന്നാണെന്നാണ് സിനിമാ നിരൂപകരുടെ പക്ഷം.

ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ തെന്നിന്ത്യൻ മ്യൂസിക് ചാർട്ടുകളിൽ ഇടംപിടിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്ടിക്കുന്ന “മുട്ട കലക്കി”, “ലവ് സൊല്ലിട്ടാലേ” എന്നീ ഗാനങ്ങൾ കെൻ കരുണാസ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് നടൻ കരുണാസിന്റെ മകനായ കെൻ, ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. വിക്കി ഛായാഗ്രഹണവും നാഷ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രം പാർവത എന്റർടൈൻമെന്റിന്റെ ബാനറിൽ കറുപ്പയ്യ സി. റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Tags