‘കാട്ടാളൻ’ മേയ് 28-ന് തിയേറ്ററുകളിലേക്ക്!

kattalan

 ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി പോൾ ജോർജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കാട്ടാളൻ’ റിലീസിനൊരുങ്ങുന്നു. ഐഎംഡിബിയുടെ ഏറ്റവും പുതിയ ‘മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ്’ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ചിത്രം വാർത്തകളിൽ ഇടംപിടിക്കുന്നത്. ‘ടോക്സിക്’, ‘ചാന്ത് മേരാ ദിൽ’ തുടങ്ങിയ വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ പിന്നിലാക്കിയാണ് കാട്ടാളന്റെ ഈ നേട്ടം. മെയ് 28-ന് ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഭീകരതയും വന്യതയും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചോര ചിതറുന്ന ആക്ഷൻ രംഗങ്ങളും മാസ്മരികമായ ദൃശ്യാവിഷ്കാരവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ‘ഓങ്-ബാക്ക് 2’, ‘ജവാൻ’, ‘ബാഹുബലി 2’ തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറായ കെച്ച കെംബഡികെയാണ് കാട്ടാളനിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇതിഹാസ ചിത്രം ‘ഓങ്-ബാക്കി’ലൂടെ ശ്രദ്ധേയനായ ‘പോങ്’ എന്ന ആനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് കെ.ജി.എഫ് താരം രവി ബസ്രൂർ ആണ്. കന്നഡയിലെ ഹിറ്റ് സംഗീതജ്ഞൻ അജനീഷ് ലോക്‌നാഥും ചിത്രത്തിനായി ഈണമിടുന്നു. പ്രശസ്ത എഴുത്തുകാരൻ ഉണ്ണി ആർ ആണ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് (പാൻ ഇന്ത്യൻ താരങ്ങൾ), ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ, കോൾ മീ വെനം തുടങ്ങിയവർ ചിത്രത്തിലുണ്ട്.

Tags