'കാട്ടാളൻ' ചിത്രത്തിന്റെ കർണാടക വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്
ഇന്ത്യൻ സിനിമയിൽ ബോക്സ് ഓഫീസിൽ തരംഗം തീർത്ത 'കെ.ജി.എഫ്', 'കെ.ജി.എഫ് 2', 'കാന്താര ചാപ്റ്റർ 2', 'കാന്താര ചാപ്റ്റർ 1','സലാർ' തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസ് 'കാട്ടാളൻ' കർണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോർഡ‍് തുകക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. മലയാള സിനിമക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് 'കാട്ടാളൻ' ഒരുങ്ങുന്നത്.
ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ എത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുമ്പോൾ ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ് ഈ പുതിയ വാർത്ത. ക്യൂബ്സ് എൻറർടൈൻമെൻറ്സും ഹോംബാലെ ഫിലിംസും കൈകോർക്കുന്നതിലൂടെ ചിത്രത്തിന് വമ്പൻ റിലീസായിരിക്കും കർണാടകയിൽ ലഭിക്കാൻ പോകുന്നത്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്.
'കാട്ടാളൻ' സിനിമക്കായി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ തീം മ്യൂസിക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. മാർക്കോക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സുമായുള്ള രവി ബസ്രൂറിൻറെ സഹകരണം. 'കെ.ജി.എഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻറെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻറെ വന്യമായ ഈണവുമായുള്ള തീം മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.
.jpg)


