മെയ് 14-ന് തിയേറ്റർ റിലീസിനൊരുങ്ങി ‘കറുപ്പ്’
സൂര്യ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘കറുപ്പ്’ മെയ് 14-ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒരു പക്കാ മാസ് ഫെസ്റ്റിവൽ എന്റർടൈനറായി ഒരുങ്ങുന്ന ഈ ചിത്രം സൂര്യയുടെ വലിയൊരു തിരിച്ചുവരവായിരിക്കുമെന്നാണ് സംവിധായകൻ ആർ.ജെ. ബാലാജി പറയുന്നത്. ഏകദേശം 32 മാസം സമയമെടുത്താണ് താൻ ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്നും, സിംഹാസനത്തിലേക്ക് തിരിച്ചുനടക്കുന്ന ഒരു രാജാവിനെപ്പോലെ സൂര്യയെ ഈ സിനിമയിൽ കാണാമെന്നും ഓഡിയോ ലോഞ്ചിനിടെ ബാലാജി വ്യക്തമാക്കി. ഓരോ പത്ത് മിനിറ്റിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യത്യസ്തമായ ഒരു സിനിമാ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘കറുപ്പ്’ ഒരുക്കിയിരിക്കുന്നത്. ഇതൊരു സ്പൂഫ് ചിത്രമാണെന്നും പ്രേക്ഷകരെ ചിരിപ്പിക്കുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണ് സിനിമയുടേതെന്നും സൂര്യ വെളിപ്പെടുത്തി. ചിത്രത്തിന്റെ ആദ്യ പകുതി വൈകാരികമായ നിമിഷങ്ങളാൽ സമ്പന്നമായിരിക്കുമ്പോൾ രണ്ടാം പകുതി നാടകീയമായ മുഹൂർത്തങ്ങൾ നിറഞ്ഞതായിരിക്കും. മുൻപ് കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മെയ്ക്കോവറിലാണ് സൂര്യയും നായിക തൃഷയും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘കറുപ്പി’നുണ്ട്. യുവ സംഗീത സെൻസേഷൻ സായ് അഭ്യാങ്കർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ഇന്ദ്രൻസ്, സ്വാസിക, ശിവദ, അനഘ മായ രവി എന്നിവരുൾപ്പെടെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ദ്രൻസ്, നാട്ടി, സുപ്രീത് റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ തമിഴ് സ്വന്തമാക്കിയതായാണ് വിവരം. മികച്ചൊരു വാണിജ്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ ലോകം.
.jpg)

