സൂര്യ ചിത്രം 'കറുപ്പ്' വിവാദങ്ങളിൽ പ്രതികരിച്ച് ആർ.ജെ. ബാലാജി
സൂര്യ ചിത്രം 'കറുപ്പി'ന്റെ വിജയത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി സംവിധായകൻ ആർ.ജെ. ബാലാജി. വിജയ്‌യെ കറുപ്പ് സിനിമയുടെ തുടക്കക്കാരൻ എന്ന് വിശേഷിപ്പിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സൂര്യ ആരാധകരുടെ വിമർശനങ്ങൾക്കും വഴിവെച്ചത്. എന്നാൽ ഈ പ്രസ്താവനയിലെ വസ്തുതകൾ വിശദീകരിച്ചുകൊണ്ട് ബാലാജി രംഗത്തെത്തി.
കറുപ്പ് സിനിമയുടെ വിജയത്തിന് ശേഷം വിജയ്‌യെ നേരിൽ കണ്ട് ബാലാജി സംസാരിച്ചിരുന്നു. ഇതിനുശേഷം വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘കറുപ്പ് എന്ന സിനിമക്ക് തുടക്കമിട്ട വ്യക്തിക്കൊപ്പം എന്ന് ബാലാജി കുറിച്ചു. ചിത്രം സൂര്യയെ നായകനാക്കി എടുത്ത സിനിമയാണെന്നിരിക്കെ, വിജയ്‌ക്ക് ഇത്രയധികം പ്രാധാന്യം നൽകിയത് സൂര്യയുടെ ആരാധകരെ ചൊടിപ്പിച്ചു. സൂര്യയുടെ അർപ്പണബോധത്തെയും ചിത്രത്തിന് നൽകിയ പിന്തുണയെയും ബാലാജി അവഗണിച്ചുവെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.
ഒരു മാധ്യമ ചർച്ചയിൽ സംസാരിക്കവെ ബാലാജി തന്റെ പ്രസ്താവനയിലെ ഉദ്ദേശ്യം വ്യക്തമാക്കി. ‘ഞാൻ മൂക്കൂത്തി അമ്മൻ സിനിമക്ക് ശേഷമാണ് വിജയ് സാറിനെ കണ്ട് മറ്റൊരു വലിയ കഥയെക്കുറിച്ച് സംസാരിച്ചത്. എന്നാൽ ആ പ്രോജക്റ്റ് നടക്കാതെ വന്നപ്പോൾ, കറുപ്പിന്റെ തിരക്കഥ ഞാൻ അദ്ദേഹത്തോട് വിവരിച്ചു. അദ്ദേഹം ആ കഥ കേൾക്കാൻ തയാറായത് തന്നെയാണ് ഈ സിനിമയിലേക്കുള്ള എന്റെ ആദ്യ വാതിൽ തുറന്നത്.
സൂര്യയെ താൻ ഒട്ടും കുറച്ചുകാണുന്നില്ലെന്നും ബാലാജി കൂട്ടിച്ചേർത്തു. ‘ഞാൻ വിജയ് സാറുമായി ഒരു സിനിമ ചെയ്തിട്ടില്ല, സൂര്യ സാറാണ് ഈ ചിത്രം യാഥാർത്ഥ്യമാക്കിയത്. ഇന്ന് എനിക്കുണ്ടായ ഈ ജീവിതമാറ്റത്തിനും, ഈ സിനിമയുടെ വിജയത്തിനും ഒരേയൊരു കാരണം സൂര്യ സാറാണ്. അതിൽ സംശയമില്ല. വിജയ് സാറിനോട് ഈ കഥ പറഞ്ഞിരുന്നു എന്നറിഞ്ഞാണ് 'ഡ്രീം വാരിയർ പിക്ചേഴ്സ്' എന്നെ സമീപിക്കുന്നത്. വിജയ്‌യോട് പറഞ്ഞ അതേ കഥ ഞങ്ങളോടും പറയാമോ എന്ന് അവർ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ സിനിമ സൂര്യ സാറിലേക്ക് എത്തുന്നത്.
സിനിമയുടെ വിജയത്തിന് ശേഷം മാസാണിയമ്മൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതുപോലെ, വിജയ്‌യെ കണ്ട് നന്ദി പറഞ്ഞത് തന്റെ യാത്ര പൂർത്തിയാക്കാൻ ആവശ്യമാണെന്ന് തോന്നിയിട്ടാണെന്നും ബാലാജി പറഞ്ഞു. കൂടിക്കാഴ്ചയിൽ സിനിമയെക്കുറിച്ച് സംസാരിക്കുകയും, മികച്ച തിരക്കഥയാണെന്ന് വിജയ് അഭിനന്ദിക്കുകയും ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. പ്രതികൂല സാഹചര്യങ്ങളിലും സൂര്യ സിനിമയുടെ റിലീസിനായി മുൻകൈ എടുക്കുകയും, സാങ്കേതിക പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
.jpg)

