ആഗോളതലത്തിൽ 22 കോടി നേടി കാർത്തി ചിത്രം ‘സർദാർ 2’

sardar

 കാർത്തി ഡബിൾ റോളിൽ എത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം ‘സർദാർ 2’ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. 2022-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘സർദാറി’ന്റെ സീക്വലായാണ് ഈ ചിത്രം എത്തിയത്. ആദ്യ ഭാഗം സംവിധാനം ചെയ്ത പി.എസ്. മിശ്രൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ രചയിതാക്കളിൽ മാറ്റമുണ്ട്. സംവിധായകനൊപ്പം രത്ന കുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.എസ്. മിശ്രയുടെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. റിലീസിന് ശേഷം ആഗോളതലത്തിൽ 22 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്.

‘സർദാർ’ എന്ന് കോഡ് നാമമുള്ള ചന്ദ്രബോസ് ആയും ഇൻസ്പെക്ടർ വിജയ് പ്രകാശ് ആയും ഡബിൾ റോളിൽ കാർത്തി വീണ്ടും തിയേറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന രജിഷ വിജയന് പുറമെ എസ്.ജെ. സൂര്യയുടെ സാന്നിധ്യം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വലിയ ആവേശം പകരുന്നുണ്ട്. ഒപ്പം ആഷിക രംഗനാഥ്, മാളവിക മോഹനൻ, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ.എ.കെ. സുന്ദർ, അൻപു താസൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ആദ്യ ഭാഗത്തിന് സംഗീതം നൽകിയത് ജി.വി. പ്രകാശ് കുമാർ ആയിരുന്നെങ്കിൽ, സീക്വലിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സി.എസാണ്. പ്രൊഡക്ഷൻ ഡിസൈൻ രാജീവൻ നമ്പ്യാർ, കലാസംവിധാനം എം.എസ്.പി. മാധവൻ, എ.പി. പാൽപാണ്ടി എന്നിവരാണ്. ജോർജ് സി. വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാറും ഐവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷാൻ സക്സേനയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags