നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് കാർത്തിയുടെ ജപ്പാൻ ടീസർ എത്തി

google news
jappan

നടൻ കാർത്തിയുടെ  സിനിമയായ ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. " ആരാണു ജപ്പാൻ ? അവന് കുംബസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് ." എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്.

രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ' പുഷ്പ ' യിൽ ' മംഗളം സീനു ' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ എന്നതും ശ്രദ്ധേയമാണ്.

അതു പോലെ ' ഗോലി സോഡ ', ' കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ - അരസ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സംവിധായകൻ രാജു മുരുകൻ - കാർത്തി - ഡ്രീം വാരിയർ പിക്ചേഴ്സ് കൂട്ടു കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ' ജപ്പാൻ ' എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളത്തിലുമാണ് ' ജപ്പാൻ ' ചിത്രീകരിക്കുന്നത്. ദീപാവലിക്ക് ' ജപ്പാൻ ' റിലീസ് ചെയ്യും.

Tags