മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കര്‍ണാടക


ബെംഗളൂരു: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്. 2017ലും സിദ്ധരാമയ്യ സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു.
കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങാനും തീരുമാനിച്ചു. കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ ഈ പരാതി ഉന്നയിച്ചിരുന്നു. പിന്നാലെയാണ് കന്നഡ സിനിമകള്‍ക്കായി ഒടിടി എന്ന ആശയം സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ചത്.