ശ്രീനാഥ് ഭാസിയുടെ ‘കറക്കം’ ഒടിടിയിലേക്ക്

karakkam

 തിയേറ്റർ റിലീസിന് ശേഷം മറ്റൊരു മലയാള ചിത്രം കൂടി ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നു. ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത ‘കറക്കം’ എന്ന ചിത്രമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. കഴിഞ്ഞ മേയ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രം കൃത്യം ഒരു മാസത്തിന് ശേഷമാണ് ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. വരും മാസമായ ജൂലൈയിൽ തന്നെ ചിത്രം കാണാമെങ്കിലും കൃത്യമായ തീയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. ഭയവും തമാശയും ഒരേപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള മലയാളത്തിലെ വേറിട്ടൊരു മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമാണിത്.

മോളിവുഡിലേക്ക് ചുവടുവെച്ച ക്രൗൺ സ്റ്റാർസ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, മണികണ്ഠൻ ആചാരി, ബിജുക്കുട്ടൻ, ഷോൺ റോമി, ലെനാസ് ബിച്ചു തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ സാം സി. എസ്. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തിയേറ്ററുകളിൽ ഈ ഹൊറർ കോമഡി വിരുന്ന് മിസ്സ് ചെയ്തവർക്ക് ഇനി വീട്ടിലിരുന്ന് സോണി ലിവിയിലൂടെ കറക്കം ആസ്വദിക്കാം.

Tags