മികച്ച പ്രതികരണം നേടി ‘കര’
വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ‘കര’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ധനുഷ് നായകനായി എത്തിയ ചിത്രം ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന നടന്റെ മികച്ച സിനിമകളിൽ ഒന്നാണെന്നാണ് ആദ്യ ഷോകൾക്ക് ശേഷമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതി അല്പം പതുക്കെയാണ് സഞ്ചരിക്കുന്നതെങ്കിലും രണ്ടാം പകുതി പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ധനുഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തമിഴിലെ ‘മണി ഹൈസ്റ്റ്’ എന്ന് ചിലർ വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിച്ച ചിത്രത്തിന് ജി. വി. പ്രകാശ് കുമാറാണ് സംഗീതം നൽകിയിരിക്കുന്നത്.
സിനിമയുടെ റിലീസിന് മുൻപ് തന്നെ നായികയായ മമിത ബൈജുവിനെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചതിനെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. മലയാളി നടിയെ തന്നെ നായികയാക്കി മേക്കപ്പിലൂടെ നിറം മാറ്റിയത് എന്തിനാണെന്ന ചോദ്യത്തിന്, പ്രകടനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് സംവിധായകൻ വിഘ്‌നേഷ് രാജ മറുപടി നൽകി. ഏകദേശം ഇരുപത്തിയഞ്ചോളം പേരെ ഓഡിഷൻ ചെയ്തതിൽ നിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് മമിതയെ തിരഞ്ഞെടുത്തതെന്നും വിഘ്‌നേഷ് വ്യക്തമാക്കി.
.jpg)

