'കണ്ണപ്പ' പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു


മോഹൻലാൽ അടക്കം വൻ താര നിര അഭിനയിക്കുന്ന വിഷ്ണു മഞ്ചുവിൻറെ ഫാൻറസി മിത്തോളജിക്കൽ ചിത്രം കണ്ണപ്പ റിലീസ് പുതിയ തീയതിയിലേക്ക് മാറ്റി. വിഷ്വൽ ഇഫക്റ്റുകളുടെ പണി തീരാത്തതിനാൽ ആണ് തീയതി മാറ്റിയത്.
ചിത്രത്തിൻറെ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന പോസ്റ്റർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്തിറക്കി. ഇതിൻറെ ചിത്രങ്ങൾ നായകൻ വിഷ്ണു മഞ്ചുതന്നെ എക്സിൽ പങ്കുവച്ചു. ജൂൺ 27 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിൻറെ നിർമ്മാതാവും നടനുമായ മോഹൻ ബാബു, കൊറിയോഗ്രാഫർ പ്രഭുദേവ എന്നിവർ ചേർന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. ഒരു ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശിവഭഗവാനായി അക്ഷയ് കുമാർ എത്തുന്ന ചിത്രത്തിൽ പാർവതീ ദേവിയായി എത്തുന്നത് കാജൽ അഗർവാൾ ആണ്. കിരാത എന്ന റോളിലാണ് മോഹൻലാൽ വ്യത്യസ്ത ലുക്കിൽ ചിത്രത്തിൽ എത്തുന്നത്. രുദ്ര ആയാണ് പ്രഭാസ് എത്തുന്നത്. മോഹൻ ബാബു, ആർ ശരത്‍കുമാർ, മധു, മുകേഷ് റിഷി, ബ്രഹ്‍മാജി, കരുണാസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.