24 വർഷങ്ങൾക്ക് ശേഷം 'കല്യാണരാമൻ' തിയറ്ററുകളിലേക്ക്; 4K ഡോൾബി അറ്റ്മോസിൽ റീ റിലീസിന് ഒരുങ്ങുന്നു; ജനപ്രിയനടന്റെ പിറന്നാൾ ദിനത്തിൽ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിൽ ഒന്നായ 'കല്യാണരാമൻ' 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. നടൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ മികവിലുമാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
2002-ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം തിരക്കഥയൊരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമ്മിച്ചത്. 'രാമൻകുട്ടി', 'പോഞ്ഞിക്കര', 'പ്യാരി' എന്നീ കഥാപാത്രങ്ങളിലൂടെ ദിലീപ് - ഇന്നസെന്റ് - സലിം കുമാർ കൂട്ടുകെട്ട് സമ്മാനിച്ച കോമഡി രംഗങ്ങൾ വീണ്ടും ബിഗ് സ്ക്രീനിൽ അനുഭവിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാൽ, ലാലു അലക്സ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'ദേവദൂതൻ', 'ചോട്ടാ മുംബൈ', 'കിരീടം' തുടങ്ങിയ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് (Hy Studioz) ആണ് കല്യാണരാമനും പുത്തൻ സാങ്കേതിക മികവിലേക്ക് മാറ്റുന്നത്. കൈതപ്രം–ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ഹിറ്റ് ഗാനങ്ങളും പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
.jpg)


