ഒന്നരക്കോടിയുമായി പ്രീ സെയിലിൽ ഗംഭീര പ്രതികരണവുമായി കളങ്കാവൽ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 1.25 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഒഫിഷ്യൽ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11.11നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിങ് ഓപൺ ആയത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഓപൺ ആയി മിനിറ്റുകൾക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗം, പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ എന്നിവയുടെ ഫൈനൽ പ്രീ സെയിൽ കലക്ഷനാണ് ഇതോടെ കളങ്കാവൽ മറികടന്നത്. ആഗോളതലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.
തിങ്കളാഴ്ച പുറത്തുവന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിനും വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. പൊലിസ് ഓഫിസറായി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളിയായി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസർ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫെയറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
ഫ്യൂച്ചർ റണ്ണപ് ഫിലിംസാണ് ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘ലോക’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തമിഴ്നാട്ടിൽ വിതരണം ചെയ്തതും ഫ്യൂച്ചർ റണ്ണപ് ഫിലിംസാണ്.
.jpg)

