ജോജുവിന്റെ ‘വരവ്’ ജൂൺ 12ന് തിയേറ്ററുകളിലേക്ക്
മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ സുൽത്താൻ ഷാജി കൈലാസും കരുത്തുറ്റ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ജൂൺ 12ന് തിയേറ്ററുകളിലെത്തും. പരോൾ കഴിഞ്ഞ് തിരിച്ചെത്തുന്ന ‘പോൾസൺ’ എന്ന മാസ് കഥാപാത്രമായാണ് ജോജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയിലറും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 98 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഷാജി കൈലാസിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് തൂലിക ചലിപ്പിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആക്ഷൻ റാണി വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, സാനിയ അയ്യപ്പൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം വിദേശ താരം ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവും പ്രധാന വേഷത്തിലെത്തുന്നു. ആക്ഷൻ ത്രില്ലർ എന്നതിലുപരി വൈകാരികമായ ഒരു കുടുംബകഥ കൂടി ചിത്രം പങ്കുവെക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സാം സി.എസ്. ഒരുക്കുന്ന സംഗീതവും എസ്. ശരവണന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകും. ഷമീർ മുഹമ്മദാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി ജൂൺ 12ന് പോളച്ചന്റെ ‘വരവ്’ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സിനിമാ പ്രേമികൾ.
.jpg)

