കളങ്കാവലിന് ശേഷം അടുത്ത ചിത്രവുമായി ജിതിൻ കെ ജോസ്

kalankaval

ജിതിൻ കെ ജോസ് ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. വിനായകൻ നായകനും മമ്മൂട്ടി വില്ലനുമായി എത്തിയ ചിത്രം വമ്പൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ കളങ്കാവലിന്റെ വിജയത്തിന് ശേഷം അടുത്ത സിനിമയുമായി എത്തുകയാണ് ജിതിൻ കെ ജോസ്. ഇത്തവണ ജയസൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് സിനിമ നിർമിക്കുന്നത്. റാഫിയും ജിതിനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. കളങ്കാവലിന്റെ ടെക്നിക്കൽ ക്രൂ എല്ലാം ഈ സിനിമയ്ക്ക് വേണ്ടിയും ഒന്നിക്കുമെന്നാണ്‌ റിപ്പോർട്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന നേട്ടവുമായി ആണ് കളങ്കാവൽ തിയേറ്റർ വിട്ടത്. ആഗോള കളക്ഷൻ 83 കോടിയാണ് ചിത്രം നേടിയത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ എത്തിയ മമ്മൂട്ടി ചിത്രം എന്ന നേട്ടവും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

അതേസമയം, ജയസൂര്യ ചിത്രം ആട് 3 ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് കേരളത്തിൽ എക്സ്ട്രാ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്".

Tags