ദൃശ്യം 4 ഉണ്ടാകുമോ? ഉത്തരവുമായി ജീത്തു ജോസഫ്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ‘ദൃശ്യം 3’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം, കേവലം ഏഴ് ദിവസം കൊണ്ടാണ് 200 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത്. വിദേശ വിപണിയിൽ നിന്ന് മാത്രം 103 കോടിയിലധികം രൂപ ചിത്രം ഇതിനകം നേടിക്കഴിഞ്ഞു എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ അവസാന ഭാഗത്ത് ഉൾപ്പെടുത്തിയിരുന്ന പോസ്റ്റ് ക്രെഡിറ്റ് സീൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇത് ‘ദൃശ്യം 4’-ലേക്കുള്ള സൂചനയാണോ എന്ന ആരാധകരുടെ സംശയത്തിന് സംവിധായകൻ ജീത്തു ജോസഫ് മറുപടി നൽകി. സിനിമയിലെ ആശ ശരത്തിന്റെയും സിദ്ധിഖിന്റെയും കഥാപാത്രങ്ങൾ ഒരു ലക്ഷ്യത്തോടെ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന ഫലമെന്താണെന്ന് പ്രേക്ഷകർക്ക് വ്യക്തമാക്കാൻ വേണ്ടിയാണ് ആ സീൻ ഒരുക്കിയതെന്ന് ജീത്തു പറഞ്ഞു.
“ആ സീൻ സിനിമയുടെ ഭാഗം തന്നെയായിരുന്നു. പിന്നീട് ചർച്ചകൾക്കിടെയാണ് അത് സംവിധായകന്റെ പേര് കാണിച്ചതിന് ശേഷം പോസ്റ്റ് ക്രെഡിറ്റ് സീൻ ആയി ഉൾപ്പെടുത്താമെന്ന് ടീം നിർദ്ദേശിച്ചത്. അങ്ങനെ ചെയ്തപ്പോൾ അതിനൊരു പ്രത്യേക ഫീൽ ലഭിച്ചു. പ്രേക്ഷകർ അത് നാലാം ഭാഗത്തിലേക്കുള്ള സൂചനയായി കാണുന്നുണ്ടെങ്കിലും, അക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ല,” ജീത്തു ജോസഫ് വ്യക്തമാക്കി.
നാലാം ഭാഗം വരുമോ?
ദൃശ്യം 4-നെ കുറിച്ച് നിലവിൽ വ്യക്തമായ ആശയങ്ങളൊന്നും തന്റെ പക്കലില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. “എനിക്ക് ഐഡിയ ഒന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് ദൃശ്യം 4 ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ അങ്ങനെയൊരു പ്ലാൻ പൂർണ്ണമായും തള്ളിക്കളയുന്നില്ല. എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ഒരു കഥാതന്തു ലഭിക്കുകയാണെങ്കിൽ തീർച്ചയായും ആലോചിക്കും. ഇല്ലെങ്കിൽ ആ ശ്രമം ഉണ്ടാകില്ല,” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ദൃശ്യം 3 മാറിക്കൊണ്ടിരിക്കുമ്പോൾ, നാലാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
.jpg)

