വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി; 'ജയ് ഗണേഷ്' ഫസ്റ്റ്‌ലുക്ക്

google news
jay ganesh


സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ഉണ്ണി മുകുന്ദന്‍ ചിത്രം 'ജയ് ഗണേഷ്' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. മിത്ത് വിവാദങ്ങളെയൊക്കെ കാറ്റില്‍പറത്തിയാണ് ഉണ്ണി മുകുന്ദന്‍ സിനിമയുടെ ഫസ്റ്റ്‌ലുക്കുമായി എത്തിയിരിക്കുന്നത്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്.

തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിലേത് എന്ന് ഉണ്ണി മുകുന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ്. മഹിമ നമ്പ്യാര്‍ നായികയാവുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനല്‍ വക്കീലിന്റെ വേഷമാണ് ജോമോള്‍ക്ക്.

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ജയ് ഗണേഷ്' ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നാണ് സൂചന. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു.

'മാളികപ്പുറ'ത്തിന്റെ വിജയത്തിനു ശേഷം ഉണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണ് 'ജയ് ഗണേഷ്'. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപാണ് എഡിറ്റര്‍. ലിജു പ്രഭാകറാണ് ഡിഐ കളറിസ്റ്റ്. ശങ്കര്‍ ശര്‍മയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. തപസ് നായക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നു. സൂരജ് കുരുവിലങ്ങാട് പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. വിപിന്‍ ദാസാണ് കോസ്റ്റ്യൂം.