ജയിലര്‍ ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്ന സിനിമ ; വിമര്‍ശനവുമായി ഡോ സി ജെ ജോണ്‍

google news
jailer

സമീപകാലത്ത് തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ജയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍. ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്ന സിനിമയാണ് ജയിലറെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സി ജെ ജോണിന്റെ കുറിപ്പ്

ശതകോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ് സിനിമകളുടെ ഗതി അറിയാന്‍ വേണ്ടിയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ജയിലര്‍ കഷ്ടപ്പെട്ട് കണ്ടത്. തലവെട്ടലിന്റെയും ചോര തെറിപ്പിച്ച് മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും ശത്രുവിനെ പീഡിപ്പിച്ച് നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യുമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്‌കാരങ്ങള്‍. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്. സോറി.. ഈ സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ ക്രൂരതയും കൊലയും അക്രമവും നെറികേടുകളുമൊക്കെയാണ്. വിനോദ നിര്‍മ്മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്. ചോര തെറിക്കുമ്പോഴും മനുഷ്യന്‍ കൊല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന സീനുകള്‍ പോലുമുണ്ട്. ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവല്‍ക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിര്‍ന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേര്‍ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.

Tags