തിയേറ്ററുകൾ കത്തിച്ച് ‘ജയിലർ 2’ എത്തി

jailer2

 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം ‘ജയിലർ 2’ തിയേറ്ററുകളിലെത്തി. രാവിലെ 6 മണിക്ക് തുടങ്ങിയ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിയിൽ ഗംഭീര വരവേൽപ്പാണ് രജനികാന്തിന്റെ കഥാപാത്രത്തിന് ലഭിക്കുന്നതെന്നും ചിത്രത്തിലെ കോമഡി രംഗങ്ങൾ നന്നായി വർക്കായെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മോഹൻലാലിന്റെ ക്യാമിയോ വേഷത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കൂടാതെ ചിത്രത്തിലെ മറ്റ് താരങ്ങളുടെ പ്രകടനങ്ങളും മികച്ചതാണെന്ന് പ്രേക്ഷകർ പറയുന്നു. അനിരുദ്ധിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ് നിമിഷങ്ങളെ ഉയർത്താൻ ഏറെ സഹായിച്ചെന്നും സിനിമയുടെ ടെക്നിക്കൽ വശങ്ങൾ വളരെ നിലവാരം പുലർത്തുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.

കേരളത്തിൽ 4000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രീ-സെയിൽസ് വഴിമാത്രം ചിത്രം 8 കോടി രൂപയ്ക്ക് മുകളിൽ നേടിയിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ ബോക്സ് ഓഫീസിൽ കളക്ഷൻ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. ഡിസ്ട്രിക്റ്റ് ആപ്പിന്റെ കേരളത്തിലെ പ്രീ-ബുക്കിങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ 12,000-ത്തിലധികം ടിക്കറ്റുകൾ ആദ്യ ഒരു മണിക്കൂറിൽ വിറ്റുപോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴിയും കൗണ്ടർ വിൽപന വഴിയുമായി ആദ്യ മണിക്കൂറിൽ ചിത്രത്തിന്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ മാത്രം വിറ്റഴിച്ചത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രത്തിലെ നായകൻ രജനികാന്താണെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് മോഹൻലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയിലറിൽ ഏതാനും നിമിഷങ്ങൾ മാത്രമാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്സ് മുഴുവൻ മോഹൻലാൽ ആരാധകർ ഇതിനോടകം കൈയടക്കിയിരുന്നു.

Tags