‘ജയിലർ 2’ റിലീസ് തീയതി പ്രഖ്യാപിച്ചു

jailer2

 സൂപ്പർസ്റ്റാർ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായ ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശവാർത്ത. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട മാസ്സ് പ്രൊമോ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊടുങ്കറ്റായി മാറുകയാണ്. ഒക്ടോബർ 15-ന് ‘ജയിലർ 2’ ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. റിലീസ് പ്രഖ്യാപനത്തിനൊപ്പം പുറത്തുവന്ന പ്രൊമോ വീഡിയോയിൽ മുഴുവൻ മലയാളി താരങ്ങൾ നിറഞ്ഞുനിൽക്കുന്നു എന്നത് മലയാള സിനിമാ പ്രേമികളെ സംബന്ധിച്ച് ഇരട്ടി മധുരമാണ് നൽകുന്നത്.

സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെല്ലാം പ്രൊമോയിൽ മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമേ ദേശീയ സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ക്ലോസ് അപ്പ് ഷോട്ട് കൂടി കാണിച്ചതോടെ ചിത്രത്തിൽ സുരാജിന്റെ കഥാപാത്രം അതീവ നിർണായകമായിരിക്കുമെന്ന സൂചനയാണ് പ്രൊമോ നൽകുന്നത്. ആദ്യ ഭാഗത്തിൽ വില്ലൻ വേഷത്തിൽ തകർത്താടിയ വിനായകനും രണ്ടാം ഭാഗത്തിലുണ്ടാകും. പ്രൊമോ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആദ്യ ഭാഗത്തിൽ ‘മാത്യു’ എന്ന തകർപ്പൻ കാമിയോ റോളിലെത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ലാലേട്ടൻ എവിടെയെന്ന തിരച്ചിലിലാണ് ആരാധകർ. ആദ്യ ഭാഗത്തേക്കാൾ വലിയ സ്ക്രീൻ സ്പേസിൽ മോഹൻലാൽ രണ്ടാം ഭാഗത്തിലും മുത്തുവേൽ പാണ്ഡ്യനൊപ്പം സ്ക്രീൻ പങ്കിടുന്നുണ്ട്.

Tags