വെള്ളിത്തിരയിലെ ജഡായുവും യാഥാർത്ഥ്യത്തിലെ ചടയമംഗലവും; രാമായണക്കാഴ്ചകൾ തേടി സഞ്ചാരികളുടെ പ്രവാഹം
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ വെള്ളിത്തിരയിൽ വിസ്മയമൊരുക്കിയ 'രാമായണം' തിയേറ്ററുകളിൽ തരംഗം തീർക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജഡായുപ്പാറയിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക്. രാവണന്റെ പിടിയിൽ നിന്ന് സീതയെ മോചിപ്പിക്കാൻ ജീവൻ ബലിനൽകിയ ജഡായുവിന്റെ വീരവും ത്യാഗവും സിനിമയിൽ വലിയ ചർച്ചയായതോടെയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന കൊച്ചു ഗ്രാമം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്.
സീതയെ തട്ടിക്കൊണ്ടുപോയി പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് പറക്കുന്ന രാവണനെ ആകാശത്തുവെച്ച് തടയുന്ന ജഡായുവിന്റെ പോരാട്ടം പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന അനുഭവമാണ്. പ്രായാധിക്യം വകവെയ്ക്കാതെ രാവണന്റെ ചന്ദ്രഹാസമെന്ന വാളിനെ ധീരമായി നേരിടുന്ന ജഡായുവിന്റെ രംഗങ്ങൾ തിയേറ്ററുകളിൽ വലിയ കൈയടിയാണ് നേടുന്നത്. രാമന്റെ കൈകളിൽ കിടന്ന് ജീവൻ വെടിയുന്ന ജഡായുവിന് ഒരു മകനെപ്പോലെ രാമൻ അന്ത്യകർമങ്ങൾ ചെയ്യുന്നതും, സീതയെ വീണ്ടെടുക്കുമെന്ന് രാമൻ പ്രതിജ്ഞയെടുക്കുന്നതുമെല്ലാം സിനിമയിലെ ഏറ്റവും വൈകാരിക മുഹൂർത്തങ്ങളിൽ ഒന്നാണ്. അനുപം ഖേറിന്റെ ശബ്ദസാന്നിധ്യവും വിഷ്വൽ എഫക്റ്റുകളും കൂടി ചേരുമ്പോൾ ജഡായുവിന്റെ കഥാപാത്രം കൂടുതൽ ജീവസ്സുറ്റതായി മാറുന്നു. രൺബീർ കപൂർ ശ്രീരാമനായും യാഷ് രാവണനായും സായ് പല്ലവി സീതയായും വേഷമിടുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ. റഹ്മാനാണ്.
സിനിമയിൽ ജഡായുവിന്റെ കഥയും ത്യാഗവും ഇത്രമേൽ ഹൃദ്യമായി അവതരിപ്പിക്കപ്പെട്ടതോടെയാണ് ആ കഥയുമായി നേരിട്ട് ബന്ധമുള്ള ചടയമംഗലത്തെ ജഡായു എർത്ത് സെന്ററിലേക്ക് ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെയുള്ള തീർത്ഥാടകരും സഞ്ചാരികളും കുടുംബസമേതം എത്തിത്തുടങ്ങിയത്. വെള്ളിത്തിരയിൽ കണ്ട ആകാശപ്പോരിന്റെയും പതനത്തിന്റെയും ഓർമ്മകളുമായി, പാറമുകളിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ജഡായു ശില്പത്തിന് മുന്നിൽ ഫോട്ടോയെടുക്കാനും ആ ചരിത്രഭൂമിയുടെ വായു ഒന്ന് ശ്വസിക്കാനുമാണ് ആളുകൾ എത്തിച്ചേരുന്നത്.
ഒരു പുരാവൃത്തം വെറുമൊരു മിഥ്യയല്ലെന്നും അത് ഈ മണ്ണിൽ നടന്നിട്ടുള്ള യാഥാർത്ഥ്യമാണെന്നും വിശ്വസിക്കുന്നവരാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും. സിനിമയുടെ വിജയം കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ ഈ അഭിമാന കേന്ദ്രത്തിന് പുതിയൊരുണർവാണ് സമ്മാനിച്ചിരിക്കുന്നത്. പുരാണകഥകൾ പുതിയ തലമുറയിലേക്ക് ദൃശ്യവിസ്മയമായി എത്തുമ്പോൾ, അതിന്റെ യാഥാർത്ഥ്യങ്ങളെ തേടിയുള്ള ഈ യാത്രകൾ സഞ്ചാരികൾക്കും ഗ്രാമത്തിനും ഒരുപോലെ പുത്തൻ അനുഭവമായി മാറുകയാണ്.
.jpg)

