'എല്ലാം ശരിയാകുമെടാ...എപ്പോഴും നിന്റെ കൂടെയുണ്ടാകും'; ആര്‍ജെ ബാലാജിയെ ആശ്വസിപ്പിച്ച് ദുല്‍ഖര്‍

dq

ഇന്നലെ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രമായ കറുപ്പിന്റെ തിയേറ്റര്‍ റിലീസിന്റെ പ്രതിസന്ധി തുടരുകയാണ്. ഇന്നലെ ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രാവിലെ അപ്രതീക്ഷിതമായി പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു.

നേരത്തെ ബുക്ക് ചെയ്ത ആളുകളെല്ലാം തിയേറ്ററുകളിലെത്തിയ ശേഷമാണ് റിലീസ് ഇത്തരത്തില്‍ നിര്‍ത്തിവെക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ആര്‍ ജെ ബാലാജി സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ആരാധകരോടെ മാപ്പ് പറഞ്ഞുകൊണ്ട് സംസാരിച്ച ബാലാജി ഇടയ്ക്ക് വിതുമ്പിപ്പോയിരുന്നു. വൈകാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഈ വീഡിയോക്ക് താഴെ സിനിമാലോകത്ത് നിന്നും ആരാധകരില്‍ നിന്നും നിരവധി പേരാണ് കറുപ്പിനും ബാലാജിക്കും പിന്തുണയും സാന്ത്വനവുമായി എത്തിച്ചേര്‍ന്നിരുന്നത്. നിരവധി പേര്‍ കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ വ്യക്തമാക്കി. അക്കൂട്ടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടായിരുന്നു. 'എല്ലാം ശരിയാകും ബ്രദര്‍, എപ്പോഴും നിന്റെ കൂടെയുണ്ടാകും' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
അതേസമയം, ആര്‍ ജെ ബാലാജിയുടെ വീഡിയോ ആരാധകരെയെല്ലാം ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്. ഈറനണിഞ്ഞുകൊണ്ട് അദ്ദേഹം സംസാരിച്ചത് കാണുമ്പോള്‍ ഹൃദയം നോവുന്നു എന്ന് വരെ കമന്റുകള്‍ വരുന്നുണ്ട്. 'എല്ലാ ആരാധകരോടും മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ബാലാജിയുടെ വീഡിയോ.
 

Tags