‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

medical

 സംഗീത് പ്രതാപും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസിന് തയ്യാറെടുക്കുന്നു. നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18-നാണ് തിയറ്ററുകളിലെത്തുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ പ്രത്യേക കഴിവിന് പിന്നിലെ കൗതുകവും തുടർന്ന് അയാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഷറഫുദ്ദീനും നായിക അഖില ഭാർഗവനും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള പ്രമേയമായതിനാൽ സൗണ്ട് ഡിസൈനിനും സൗണ്ട് മിക്സിംഗിനും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.

ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നടി നിലീൻ സാന്ദ്രയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദി പ്ലോട്ട് പിക്ചേഴ്സ് ഓവർസീസ് വിതരണവും, ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ വിതരണവും നിർവഹിക്കുന്നു. ഛായാഗ്രഹണം: അഖിൽ സേവ്യർ, എഡിറ്റിംഗ്: രാകേഷ് ചെറുമഠം, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്.

Tags