'മരിച്ചുപോകുന്ന നിമിഷങ്ങളായിരുന്നു, അഞ്ചാം കീമോയ്ക്ക് പിന്നാലെ ഐസിയുവില്‍ 10 ദിവസം'; രേണു സുധി

renu

ചികിത്സയ്ക്കിടയിലെ 15 ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നുവെന്ന് രേണു പറഞ്ഞു.

കാന്‍സര്‍ ചികിത്സയ്ക്കിടെ നേരിട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും വികാരനിര്‍ഭരമായി മനസുതുറന്ന് സോഷ്യല്‍ മീഡിയ താരം രേണു സുധി. അഞ്ചാമത്തെ കീമോതെറാപ്പിക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 10 മുതല്‍ 12 ദിവസത്തോളം ഐസിയുവില്‍ കഴിയേണ്ടിവന്നതായി രേണുവും സഹോദരി രമ്യയും യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു.

ചികിത്സയ്ക്കിടയിലെ 15 ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയമായിരുന്നുവെന്ന് രേണു പറഞ്ഞു. ഛര്‍ദ്ദി, വയറിളക്കം, ഛര്‍ദ്ദിയോടൊപ്പമുള്ള അസ്വസ്ഥത, കടുത്ത വേദന എന്നിവയെ തുടര്‍ന്ന് ശരീരം തളര്‍ന്നെന്നും ആശുപത്രിയിലെത്തുമ്പോള്‍ കാര്യമായ ഓര്‍മയുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 28-30 കിലോയോളം മാത്രം ഭാരം ഉണ്ടായിരുന്ന സമയത്ത് അസ്ഥികൂടം പോലെയായിരുന്നുവെന്നും രേണു പറഞ്ഞു.

കീമോ എടുത്ത കൈയില്‍ കടുത്ത ചുവപ്പും വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതായും സെന്‍ട്രല്‍ ലൈന്‍ വഴിയാണ് മരുന്നുകള്‍ നല്‍കിയിരുന്നതെന്നും രേണു വിശദീകരിച്ചു. ഡിസ്ചാര്‍ജിന് തൊട്ടുമുമ്പ് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്ലേറ്റ്‌ലെറ്റ് നല്‍കിയ ശേഷമാണ് സെന്‍ട്രല്‍ ലൈന്‍ നീക്കം ചെയ്തതെന്നും അവര്‍ പറഞ്ഞു. ചികിത്സയ്ക്കിടെ തനിക്ക് പിന്തുണ നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും രേണു നന്ദി അറിയിച്ചു.

ഇനി ഒരു ചികിത്സ കൂടി; മുന്നില്‍ വലിയ ശസ്ത്രക്രിയ

ഇനി ഒരു കീമോ കൂടി മാത്രമാണ് ബാക്കിയുള്ളതെന്നും അതിന് ശേഷം ചെറിയൊരു ഇന്‍ജക്ഷന്‍ മാത്രമായിരിക്കും നല്‍കുകയെന്നും രേണു പറഞ്ഞു. അതിനുശേഷം ഉദ്ഘാടനങ്ങളും പ്രമോഷന്‍ പരിപാടികളുമായി വീണ്ടും സജീവമാകുമെന്നും വ്യക്തമാക്കി. എന്നാല്‍ പിന്നീട് വലിയൊരു ശസ്ത്രക്രിയയ്ക്കായി ചെറിയ ഇടവേളയുണ്ടാകുമെന്നും രേണു അറിയിച്ചു.

ശസ്ത്രക്രിയയ്ക്കുള്ള സാമ്പത്തിക ചെലവ് കണ്ടെത്തുന്നതിന് പ്രേക്ഷകരുടെയും സബ്‌സ്‌ക്രൈബര്‍മാരുടെയും പിന്തുണ ആവശ്യമാണെന്നും രേണു പറഞ്ഞു. മുന്‍പത്തെപ്പോലെ ഉദ്ഘാടനങ്ങള്‍, പ്രമോഷനുകള്‍, പരിപാടികള്‍ എന്നിവയ്ക്ക് തന്നെ വിളിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ചികിത്സയ്ക്കിടെ മുടി വീണ്ടും വളരാന്‍ തുടങ്ങിയെന്ന സന്തോഷവാര്‍ത്തയും രേണു പങ്കുവച്ചു. ചെറിയ രീതിയില്‍ മുടി കിളിര്‍ക്കാന്‍ തുടങ്ങിയെന്നും കുറച്ചുകൂടി വളര്‍ന്നാല്‍ പ്രേക്ഷകരെ കാണിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, തന്റെ പുതിയ സിനിമയായ 'അമാനുഷികം' തിയറ്ററുകളില്‍ എത്തിയതായും രേണു അറിയിച്ചു. ചിത്രത്തില്‍ രണ്ട് പ്രധാന സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും കീമോ ആരംഭിച്ചതിനെ തുടര്‍ന്ന് പിന്നീട് ചിത്രീകരിക്കേണ്ടിയിരുന്ന രംഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. ബിഗ് സ്‌ക്രീനില്‍ തന്നെ കാണുക എന്നത് വലിയ ആഗ്രഹമായിരുന്നെന്നും എല്ലാവരും സിനിമ കാണണമെന്നും രേണു അഭ്യര്‍ഥിച്ചു.

ചികിത്സയ്ക്കിടെ തനിക്കൊപ്പം നിന്നവരെയും സാമ്പത്തികമായും മാനസികമായും സഹായിച്ചവരെയും രേണു പ്രത്യേകം ഓര്‍ത്തെടുത്തു. പരിചയക്കാര്‍ മാത്രമല്ല, അധികം പരിചയമില്ലാത്തവരും തനിക്കായി പ്രാര്‍ഥിക്കുകയും സഹായിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. ആശുപത്രിയില്‍ തനിക്കൊപ്പം ചികിത്സയിലുണ്ടായിരുന്നവരുടെയും പരിചരിക്കാന്‍ ആരുമില്ലാത്ത രോഗികളുടെയും അവസ്ഥ തന്നെ ഏറെ വേദനിപ്പിച്ചെന്നും അവര്‍ക്കായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും രേണു അഭ്യര്‍ഥിച്ചു.

Tags