മരുന്ന് കഴിക്കുമ്പോള്‍ തന്റെ ഭാരം വര്‍ധിക്കും, അതു വളരെ സാധാരണ കാര്യമാണ് ; ബോഡി ഷെയിം ചെയ്യുന്നവരോട് സെലീന

google news
selena

വണ്ണത്തിന്റെ പേരില്‍ തന്നെ ബോഡിഷെയിം ചെയ്യുന്നവര്‍ക്ക് അമേരിക്കന്‍ നടിയും ഗായികയുമായ സെലീന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടിക്ടോക്കിലൂടെയാണ് സെലീന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വണ്ണത്തിലെ ഏറ്റക്കുറച്ചിലിനു പിന്നില്‍ താന്‍ ലൂപസ് രോഗത്തിന് കഴിക്കുന്ന മരുന്നുകളാണെന്ന് പറയുകയാണ് സെലീന. താനൊരിക്കലും ഒരു മോഡല്‍ ആകുവാന്‍ പോകുന്നില്ലെന്നും തന്റെ ശരീരം ഇഷ്ടപ്പെടാത്ത ആളുകള്‍ മാറിപ്പോകൂ എന്നും സെലീന പറഞ്ഞു. 
മരുന്ന് കഴിക്കുമ്പോള്‍ തന്റെ ഭാരം വര്‍ധിക്കും, അതു വളരെ സാധാരണവുമാണ്. അത് കഴിക്കാതിരിക്കുമ്പോള്‍ വണ്ണം കുറയുകയും ചെയ്യും. തന്നെപ്പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന യഥാര്‍ഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും സെലീന പറഞ്ഞു. ഇത്തരം കമന്റുകള്‍ തന്റെ മാനസികാവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചും സെലീന പറയുന്നുണ്ട്. എല്ലാത്തിലുമുപരി തനിക്ക് തന്റെ ചികിത്സയാണ് പ്രധാനമെന്നും അതാണ്  തന്നെ സഹായിക്കുന്ന ഘടകമെന്നും സെലിന കൂട്ടിച്ചേര്‍ക്കുന്നു. ഒരാളെ ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരില്‍ കളിയാക്കുന്നവരില്‍ തനിക്ക് വിശ്വാസമില്ലെന്നും സെലീന പറഞ്ഞു. 

2014ലാണ് സെലീനയ്ക്ക് ലൂപസ് രോഗം സ്ഥിരീകരിച്ചത്. 2017ല്‍ രോഗത്തിന്റെ ഫലമായി വൃക്കയ്ക്ക് തകരാര്‍ വന്നതോടെ സെലീനയുടെ ആത്മാര്‍ഥ സുഹൃത്തായ ഫ്രാന്‍സിയ റെയ്‌സാണ് അവരുടെ വൃക്കകളിലൊന്ന് ദാനം ചെയ്തത്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയും അത് സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപസ് രോഗം.

Tags