അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ അനുമോദനങ്ങൾ നേടി മലയാള സിനിമ ' ചാപ്പ കുത്ത് '

google news
chaappa kuth

നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരൻ - മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ സിനിമയാണ് ' ചാപ്പ കുത്ത്. ' സൂഫി പറഞ്ഞ കഥ ', ' യുഗപുരുഷൻ ', ' അപൂർവരാഗം ' , ' ഇയോബിൻ്റെ പുസ്തകം ' എന്നീ സിനിമകളിലൂടെയും ശ്രദധേയയായ,തിയറ്റർ ആർട്ടിസ്റ്റും, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായിരുന്ന ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ലോകേഷാണ്   നായകൻ.ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. വിനോദ്. കെ. ശരവണൻ - പാണ്ഡ്യൻ കുപ്പൻ ഛായഗ്രഹണവും, വി.എസ് . വിശാൽ - സുനിൽ. എം.കെ എന്നിവർ  എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീത സംവിധാനവും  പശ്ചാത്തല സംഗീത സംവിധാനവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കെ. എസ്. ചിത്ര, ഉണ്ണിമേനോൻ, മധു ബാകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ. ജെ.എസ് . എൻ്റർടൈൻമെൻ്റി ൻ്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോളി ഷിബുവാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യും മുമ്പേ തന്നെ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു വരുന്ന ' ചാപ്പ കുത്തി ' ന് വലിയ സ്വീകരണവും പുരസ്കാരങ്ങളുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഇതിനോടകം ഇൻ്റോ ഫ്രഞ്ച് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബാർസിലോണ ഇൻ്റീ ഫിലിം മേക്കേഴ്സ്  ഫെസ്റ്റിവൽ, റോം പ്രിസ്മാ ഫിലിം അവാർഡ്സ്, ഹംഗറിയിലെ പാരഡൈസ് ഫിലിം ഫെസ്റ്റിവൽ, സിനിമാറ്റിക്  യൂറോപ്യൻ ഫിലിം ഫെസ്റ്റിവൽ, മോക്കോ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ പത്തിൽ പരം മേളകളിൽ പങ്കെടുത്ത് അനുമോദനങ്ങളും പുരസ്ക്കാരങ്ങളും നേടി ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കയാണ് ' ചാപ്പ കുത്ത് '. വെനീസുലേയിലെ ഫൈവ് കോൻഡിനെൻ്റ്സ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച സംഗീത സംവിധായകൻ, മികച്ച നിർമ്മാതാവ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയപ്പോൾ, ഇൻ്റൊ ഫ്രഞ്ച് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനും മികച്ച സംഗീത സംവിധായകനുമുള്ള അവാർഡ് കരസ്ഥാക്കി ചാപ്പകുത്ത്. മികച്ച സംഗീത സംവിധായകൻ,  മികച്ച ഗാനം, മികച്ച പാശ്ചാത്തല സംഗീതം, മികച്ച നായക നടൻ (ലോകേഷ്), മികച്ച സംവിധാനം എന്നിങ്ങനെ നാല് അവാർഡുകൾ നേടി മോക്കോ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും ' ചാപ്പകുത്തി ' ന് തിളക്കം. ഇത് ചിത്രം നേടിയ പുരസ്ക്കാരങ്ങളിൽ ചിലത് മാത്രം.

കായംകുളത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിൻ്റെ പാശ്ചാത്തലത്തിലുള്ള സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും,അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകളിലൂടെയാണ് കഥ വികസിക്കന്നത്.  ഒട്ടേറെ ജീവിതങ്ങൾ അപഹരിച്ച മഹാ മാരിയായ കൊറോണയും ' ചാപ്പകുത്തി 'ലെ ഗതി വിഗതികൾ നിയന്ത്രിക്കുന്ന ഘടകമാവുന്നുണ്ട്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. 
 

Tags