വിവർത്തന സാഹിത്യത്തിൽ പുതുമ: ഹിമാലയൻ പശ്ചാത്തലവുമായി ‘ഹിഡുംബി’ എത്തി

Innovation in translated literature: ‘Hidumbi’ arrives with a Himalayan backdrop

ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഹിഡുംബി എന്ന നോവൽ മലയാളത്തിന് പുതിയ ഭാവുകത്വവും ജീവിതാനുഭവങ്ങളും പരിചയപ്പെടുത്തുന്നു. ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് ഹിന്ദിയിൽ എഴുതപ്പെട്ട ഒട്ടേറെ നോവലുകളും കഥകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഹിമാലയൻ പർവതങ്ങളുടെ അരികിലുള്ള ഹിമാചൽ പ്രദേശിലെ ഗ്രാമീണ ജീവിതവും പ്രശ്നങ്ങളും സങ്കീർണതകളും തികഞ്ഞ ചാരുതയോടെ എഴുതപ്പെട്ട ഒരു കൃതി ആദ്യമായാണ് മലയാളത്തിലേക്ക് എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വിവർത്തനത്തിനുണ്ട്.

 ഹിന്ദിയിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എസ് ആർ ഹർനോട്ടിന്റെ പ്രശസ്തമായ നോവലാണ് ഹിഡുംബ. ഈ നോവലാണ് ഹിഡുംബി എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ പ്രശസ്തമായ കൃതികൾ വിവർത്തനം ചെയ്ത ഡോ. മോഹനൻ വി ടി വി യാണ് ഈ നോവൽ വിവർത്തനം ചെയ്തിരിക്കുന്നത്. സമയം ബുക്സാണ് ഹിഡുംബി പ്രസിദ്ധീകരിച്ചിരിക്കുന്നത്. എം. മുകുന്ദന്റെ നോവലുകളടക്കം ഒട്ടേറെ കൃതികൾ ഹിന്ദിയിലേക്ക് അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. ഭീഷ്മ സാഹ്നിയുടെ മാധവി എന്ന നാടകത്തിന്റെ മലയാള വിവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

Innovation in translated literature: ‘Hidumbi’ arrives with a Himalayan backdrop

വിവർത്തനത്തിനുള്ള രണ്ട് സംസ്ഥാന പുരസ്കാരങ്ങളും  ഹിന്ദി ഇതര പ്രദേശങ്ങളിലെ മികച്ച എഴുത്തുകാരനുമുള്ള  ദേശീയ പുരസ്കാരവുമടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ഡോ. മോഹനൻ വി ടി വി ക്ക് ലഭിച്ചിട്ടുണ്ട്. ഭാഷകൾ സംസ്കാരങ്ങളുടെ കൂടുകളാണെന്നും വിവർത്തനം അതിൽ നിന്ന് വിരിഞ്ഞ് പുറത്തിറങ്ങുന്ന പക്ഷികളാണെന്നും അതുകൊണ്ട് തന്നെ വിവർത്തനം കൊണ്ട് ജനസംസ്കാരം വളർത്തിയെടുക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ് വിവർത്തനം ചെയ്യുന്നതെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. പിലാത്തറ സ്വദേശിയായ ഡോ. മോഹനൻ വി ടി വി നിലവിൽ തളിപ്പറമ്പ സർ സയ്ദ് കോളേജ് ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.
 

Tags