ഇന്ത്യയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക കേന്ദ്രവുമായി കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്സ്

google news
ഇന്ത്യയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക കേന്ദ്രവുമായി കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്സ്  

ന്യൂഡെല്‍ഹി- കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്സ് (കെഎന്‍എംഎ) പുതിയതായി ഡല്‍ഹിയില്‍ നിര്‍മിക്കുന്ന കലാ-സാംസ്‌കാരിക കേന്ദ്രത്തിന്റെ രൂപകല്‍പ്പന അനാച്ഛാദനം ചെയ്തു.  പ്രമുഖ ഘാനിയന്‍-ബ്രിട്ടീഷ് വാസ്തുശില്‍പിയായ സര്‍ ഡേവിഡ് അഡ്ജയ,് എസ് ഘോഷ് ആന്റ് അസോസ്സിയേറ്റ്സുമായി സഹകരിച്ചാണ് കലാ-സാംസ്‌കാരിക കേന്ദ്രത്തിന്റെ രൂപകല്‍പന ചെയ്യ്തത്. 2026-ല്‍ ഉദ്ഘാടനം കഴിയുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക കേന്ദ്രമായിത് മാറും. പുതിയ കേന്ദ്രം ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് സമീപമായി 1,00,000 ചതുരശ്ര മീറ്ററിലായാണ് പ്രവര്‍ത്തിക്കുക. ഇവിടെ കലാ പ്രദര്‍ശനങ്ങള്‍ നടത്തുകയും സ്ഥിരം പ്രദര്‍ശനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. കൂടാതെ ദൃശ്യകല, സംഗീതം, നൃത്തം, തീയ്യറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടായിരിക്കും.  
   
കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്സ് സാകേതില്‍ മെയ് 28 വരെ കള്‍ച്ചറല്‍ സെന്ററിന്റെ മാതൃക പൊതുജനങ്ങള്‍ക്ക് വീക്ഷിക്കാം. ഇതിനൊപ്പം പ്രശസ്ത കലാകാരന്മാരായ തെയ്ബ് മേത്ത, സറീന, നസ്റീന്‍ മൊഹമെദി എന്നിവരുടെ ആര്‍ട്ട് വര്‍ക്കുകളും സമകാലിക ചലചിത്ര നിര്‍മാതാവായ അമിത് ദത്തയുടെ ടച്ച് ബൈ എയര്‍ (2023) എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. 2010-ലാരംഭിച്ച കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്സില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള പതിനായിരത്തിലേറെ ആധുനീക, സമകാലിക സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എല്ലാവര്‍ക്കും പ്രവേശനമുള്ള ഒരു ലോകോത്തര സാംസ്‌കാരിക കേന്ദ്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നു കെഎന്‍എംഎ സ്ഥാപകനും ചെയര്‍പേഴ്സണുമായ കിരണ്‍ നാടാര്‍ പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന കള്‍ച്ചറല്‍ സെന്റര്‍ സമൂഹവും കലയും തമ്മിലുള്ള അകലം കുറക്കുമെന്നും കിരണ്‍ നാടാര്‍ കൂട്ടിച്ചേര്‍ത്തു. സമകാലിക ഇന്ത്യന്‍ കലയ്ക്ക് ഉയരാനുള്ള അവസരമാണ് മ്യൂസിയം നല്‍കുന്നതെന്ന് വാസ്തു ശില്‍പിയായ സര്‍ ഡേവിഡ് അഡ്ജെയ് പറഞ്ഞു.

Tags